ആരോഗ്യ വകുപ്പിന് തിരിച്ചടി: ട്രൈബ്യൂണൽ ഉത്തരവിന് സ്റ്റേ അനുവദിക്കാൻ ഹൈക്കോടതി വിസമ്മതിച്ചു

0
RENNA MURA

തിരുവനന്തപുരം: കേരള ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തെച്ചൊല്ലി സർക്കാരും സീനിയർ ഉദ്യോഗസ്ഥയും തമ്മിൽ നിലനിൽക്കുന്ന അധികാര തർക്കത്തിൽ സംസ്ഥാന സർക്കാരിന് വീണ്ടും തിരിച്ചടി . ഡോ. കെജെ റീനയെ മാറ്റി നിർത്തിയ നടപടി റദ്ദാക്കിയ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിന് സ്റ്റേ അനുവദിക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. ട്രൈബ്യൂണൽ വിധിക്കെതിരെ ആരോഗ്യവകുപ്പ് സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി നാളെ അന്തിമ വിധി പ്രസ്താവിക്കും. നാളത്തെ ഹൈക്കോടതി തീരുമാനം അനുസരിച്ച് മാത്രമായിരിക്കും വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ മുന്നോട്ട് പോകുകയെന്ന് സംസ്ഥാന സർക്കാരും ഡോ. കെജെ റീനയും വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് പകർച്ചവ്യാധി പടരുന്ന സാഹചര്യത്തിനിടയിൽ ആരോഗ്യവകുപ്പിന്റെ തലപ്പത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന കസേരക്കളി ഇതിനോടകം തന്നെ വലിയ നാടകീയ രംഗങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. തനിക്ക് ഡിഎച്ച്എസ് ആയി തുടരാമെന്ന ട്രൈബ്യൂണൽ ഉത്തരവുമായി കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ഡോ. കെജെ റീന തിരുവനന്തപുരത്തെ ഡയറക്ടറേറ്റ് ഓഫീസിൽ എത്തിയെങ്കിലും അവർക്ക് ഔദ്യോഗിക ചുമതല നിർവ്വഹിക്കാൻ കഴിഞ്ഞിരുന്നില്ല. ഡോക്ടർ റീന ഓഫീസിൽ എത്തുന്നതിനും മുൻപ് തന്നെ, സർക്കാർ താല്ക്കാലിക ചുമതല നൽകിയ ഡോ. വി. മീനാക്ഷി ഡയറക്ടറുടെ കസേരയിൽ സ്ഥാനം പിടിക്കുന്നതായിരുന്നു ഇതിന് പ്രധാന കാരണം.

തന്റെ സീനിയോറിറ്റി പൂർണ്ണമായി മറികടന്ന് എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായി തരംതാഴ്ത്തി ചട്ടവിരുദ്ധമായി സ്ഥലംമാറ്റിയ സർക്കാരിന്റെ കടുംവെട്ടിനെതിരെയാണ് ഡോ റീന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. കേസിൽ രണ്ടാഴ്ച കൂടി ഡിഎച്ച്എസ് സ്ഥാനത്ത് തുടരാൻ ട്രൈബ്യൂണൽ ഇവർക്ക് അനുമതി നൽകുകയായിരുന്നു. പകർച്ചവ്യാധി പടരുന്ന ഗുരുതരമായ സാഹചര്യത്തിൽ ഡിഎച്ച്എസ് പതിനഞ്ച് ദിവസം അവധിയെടുത്തു എന്ന വ്യാജ ആരോപണം ഉന്നയിച്ച് തന്നെ പരസ്യമായി അപമാനിക്കാൻ ആരോഗ്യവകുപ്പ് ശ്രമിച്ചുവെന്നത് ഉൾപ്പെടെയുള്ള ഗുരുതരമായ വാദങ്ങളാണ് ഡോ. റീന ട്രൈബ്യൂണലിൽ ഉന്നയിച്ചത്. ഇതോടൊപ്പം സ്പെഷ്യൽ റൂൾ അനുസരിച്ച് ഡിഎച്ച്എസ് നിയമനത്തിന് യാതൊരുവിധ സമയപരിധിയും നിശ്ചയിച്ചിട്ടില്ലെന്നും, വകുപ്പ് തലത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഒപ്പിടേണ്ട അതീവ നിർണ്ണായകമായ ഒരു സ്ഥലംമാറ്റ ഉത്തരവ് തയാറാക്കിയിരിക്കുന്നത് ചട്ടങ്ങൾ ലംഘിച്ച് ജോയിന്റ് സെക്രട്ടറിയാണെന്നുമുള്ള ഡോ. റീനയുടെ വാദങ്ങൾ പൂർണ്ണമായി അംഗീകരിച്ചാണ് ട്രൈബ്യൂണൽ സർക്കാരിന്റെ സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *