വിമാന ഇന്ധന വില വര്‍ധിപ്പിച്ചു

0
FLIGHT

ന്യൂഡല്‍ഹി: എണ്ണ വിതരണ കമ്പനികള്‍ വിമാന ഇന്ധനത്തിന്റെ വില വര്‍ധിപ്പിച്ചു. വിമാന ഇന്ധനവിലയില്‍ ഏകദേശം 10 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. ഈ വില വര്‍ധനയോടെ ആഭ്യന്തര വിമാനക്കമ്പനികള്‍ക്കുള്ള ജെറ്റ് ഇന്ധനത്തിന്റെ വില ലിറ്ററിന് 104.93 രൂപയില്‍ നിന്ന് ഏകദേശം 115 രൂപയായാണ് ഉയരുക. ഇതോടെ വിമാന കമ്പനികള്‍ വിമാന യാത്രാ നിരക്ക് ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ആഭ്യന്തര വിമാനക്കമ്പനികള്‍ക്ക് മൂന്ന് വര്‍ഷം വരെ സ്ഥിരമായ ഇന്ധന നിരക്ക് വാഗ്ദാനം ചെയ്യുന്ന വില സ്ഥിരീകരണ പദ്ധതി അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ആഗോള എണ്ണവിലയിലുണ്ടാകുന്ന പെട്ടെന്നുള്ള വ്യതിയാനങ്ങളില്‍ നിന്ന് വിമാനക്കമ്പനികളെയും യാത്രക്കാരെയും സംരക്ഷിക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഈ വില സ്ഥിരീകരണ പദ്ധതിയില്‍ പങ്കാളികളാകാന്‍ താല്‍പ്പര്യപ്പെടുന്ന വിമാനക്കമ്പനികള്‍ക്ക് ഈ പുതിയ നിരക്ക് അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഇതേ നിലവാരത്തില്‍ മാറ്റമില്ലാതെ തുടരും.

ഒരു എയര്‍ലൈന്റെ പ്രവര്‍ത്തനച്ചെലവിന്റെ 60 ശതമാനത്തോളം വിമാന ഇന്ധനത്തിനാണ് വരുന്നത്. രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ധനവില വര്‍ധനവും മൂലമുള്ള ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവിന് പുറമെ, യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായ കുറവ് കാരണം വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നതും വിമാന യാത്രാനിരക്ക് വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *