പെട്രോളിന് ഒറ്റയടിക്ക് 74 രൂപയും ഡീസലിന് 67 രൂപയും കുറച്ച് പാകിസ്ഥാൻ

ഇസ്ലാമാബാദ്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വന്നതിന്റെ ചുവടുപിടിച്ച് ആഗോള വിപണിയില്‍ എണ്ണവില ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തില്‍ ഇന്ധനവില കുറച്ച് പാകിസ്ഥാന്‍. പെട്രോള്‍ വില ലിറ്ററിന് 74 രൂപയും ( പാകിസ്ഥാന്‍ രൂപ) ഡീസലിന് 67 രൂപയും കുറയ്ക്കുന്നതായി പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പ്രഖ്യാപിച്ചു. ഇതോടെ പെട്രോള്‍ വില ലിറ്ററിന് 299.78 രൂപയാകും (ഏകദേശം 101 ഇന്ത്യന്‍ രൂപ). ഡീസലിന് 311.78 രൂപയും (105 ഇന്ത്യന്‍ രൂപ). യുദ്ധത്തെ തുടര്‍ന്ന് എണ്ണവില കുതിച്ചപ്പോള്‍ കഴിഞ്ഞ ഏപ്രില്‍ 3ന് പാകിസ്ഥാന്‍ സര്‍ക്കാര്‍ പെട്രോള്‍ വില ലിറ്ററിന് ഒറ്റയടിക്ക് 137.24 രൂപ കൂട്ടി 458.4 രൂപയാക്കിയിരുന്നു. ഡീസലിന് 184.49 രൂപ വര്‍ധിപ്പിച്ച് അന്ന് 520.35 രൂപയിലുമെത്തി. യുദ്ധത്തെ തുടര്‍ന്ന് ബാരലിന് 110-120 ഡോളര്‍ വരെ നിലവാരത്തിലെത്തിയ ക്രൂഡോയില്‍ വില ഇപ്പോള്‍ 80 ഡോളറിന് താഴെയായിട്ടുണ്ട്.
മെച്ചപ്പെടുന്ന പ്രാദേശിക സാമ്പത്തിക സാഹചര്യത്തിന്റെയും കുറയുന്ന എണ്ണവിലയുടെയും ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണെന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറഞ്ഞു. പെട്രോള്‍ വില ലിറ്ററിന് 74 രൂപയും ഡീസല്‍ വില ലിറ്ററിന് 67 രൂപയും കുറയ്ക്കുകയാണ്. ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഞങ്ങള്‍ക്ക് പൂര്‍ണ്ണമായി മനസ്സിലാകും. ജനം വലിയ പരീക്ഷണമാണ് നേരിട്ടത്. അത്തരം ഘട്ടത്തിലും ജനം അസാധാരണമായ ക്ഷമയും ധൈര്യവുമാണ് പ്രകടിപ്പിച്ചത് – ഷെഹബാസ് ഷെരീഫ് പറഞ്ഞു.
