പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം; തിരുവനന്തപുരത്ത് ആശ വർക്കർക്കും കടിയേറ്റു

ആലപ്പുഴ: കായംകുളത്ത് യുവതി പാമ്പുകടിയേറ്റ് മരിച്ചു. ചേരാവള്ളി സ്വദേശി സെലീന (42) യാണ് മരിച്ചത്. വീട്ടു പരിസരത്തു നിന്നാണ് യുവതിയ്ക്കു പാമ്പിന്റെ കടിയേറ്റത്.
തിരുവനന്തപുരത്ത് ആശാ വർക്കർക്കും പാമ്പിന്റെ കടിയേറ്റു. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. വർക്കല ചരുവിള വീട്ടിൽ ഷംനയ്ക്കാണ് കടിയേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമെന്നു ബന്ധുക്കൾ വ്യക്തമാക്കി. ജില്ലയിൽ ഇന്ന് ഒരു വിദ്യാർഥിനിയ്ക്കും പാമ്പിന്റെ കടിയേറ്റിരുന്നു. പോത്തന്‍കോടാണ് സംഭവം. വേങ്ങോട് സ്വദേശി ദുര്‍ഗ (18)യ്ക്കാണ് കടിയേറ്റത്.
അമ്മൂമ്മയുടെ വീട്ടില്‍ നിന്നു സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വേങ്ങോടു വച്ചാണ് ദുര്‍ഗയ്ക്കു പാമ്പിന്റെ കടിയേറ്റത്. ഇന്ന് വൈകീട്ടാണ് സംഭവം. ഇടവഴിയില്‍ വച്ച് ഇടതു കാലിലെ വിരലിലാണ് കടിയേറ്റത്. പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആരോഗ്യ നില തൃപ്തികരമാണ്.
