കുട്ടിപ്പഞ്ചാരിയിൽ കൊട്ടിക്കയറി കൊരട്ടി രാമനും കുട്ട്യോളും

0
KORATTI RA

കൊച്ചി: പെരുമ്പാവൂർ അയ്മുറി ശ്രീമഹാദേവക്ഷേത്രത്തിൽ ചൊവ്വാഴ്ച പ്രതിഷ്ഠാദിന മഹോത്സവത്തിൻ്റെ ഭാഗമായി അരങ്ങേറിയ കുട്ടിപ്പഞ്ചാരിമേളം ശ്രദ്ധേയമായി. പ്രമുഖ മേളപ്രമാണിയും കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവുമായ കൊരട്ടി രാമൻ്റെ കീഴിൽ കൊട്ടുപഠിക്കുന്ന 10 കുട്ടികളാണ് പഞ്ചാരിമേളത്തിൽ വിസ്മയം തീർത്തത്. സാധാരണയായി ഗുരുക്കന്മാർ മാറിനിന്ന് ശിഷ്യരുടെ പ്രകടനം കാണാറാണ് പതിവ്. എന്നാൽ ഇവിടെ ഗുരുവായ കൊരട്ടി രാമൻ തന്നെ നേരിട്ട് കുട്ടികൾക്കൊപ്പം ചെണ്ടക്കോലേന്തിയത് മേളത്തിന് ഇരട്ടി മധുരം പകർന്നു. മാസങ്ങളോളം നീണ്ട കഠിന പരിശീലനത്തിനൊടുവിലാണ് ഈ കുട്ടിസംഘം അരങ്ങിലെത്തിയത്. അത്താണി ആഞ്ജനേയ വാദ്യകലാകേന്ദ്രത്തിലെ പഠിതാക്കളാണ് ഇവരെല്ലാം. പഞ്ചാരിമേളത്തിന്റെ കാലപ്രമാണങ്ങൾ ഒട്ടും തെറ്റിക്കാതെ, മുതിർന്ന കലാകാരന്മാരെപ്പോലെ അച്ചടക്കത്തോടെയാണ് കുട്ടികളുടെ മേളം. ഉരുട്ടുചെണ്ടയും ഇലത്താളവും വലന്തലയുമൊക്കെ കൊച്ചു കൈകളിൽ ഭദ്രമായിരുന്നു.

​ചെണ്ടയുടെ ഉയരത്തിനൊപ്പമെത്താൻ കഷ്ടപ്പെടുന്ന കൊച്ചു കുട്ടികൾ മുതൽ കൗമാരപ്രായക്കാർ വരെ ഈ മേളസംഘത്തിലുണ്ടായിരുന്നു. കുട്ടികളുടെ ആവേശവും ഗുരുവിന്റെ പിന്തുണയും ചേർന്നപ്പോൾ അയ്മുറി ക്ഷേത്രമുറ്റം താളലയങ്ങളുടെ സംഗമവേദിയായി മാറി. ചെറിയ പ്രായത്തിൽ പക്വമായ പ്രകടനം കാഴ്ചവെച്ച കുട്ടിമേളക്കാർക്ക് അയ്മനം ദേവസ്വം ട്രസ്റ്റും ഉപസമിതിയും ചേർന്ന് ഉപഹാരങ്ങൾ സമ്മാനിച്ചു. കൊരട്ടി രാമന് ഫലകവും പൊന്നാടയും നൽകി ആദരിച്ചു. പതിറ്റാണ്ടുകളായി ക്ഷേത്രത്തിൽ മേളപ്രാമണിത്തം വഹിക്കുന്ന ചേരാനല്ലൂർ രാമചന്ദ്രമാരാരെയും ചടങ്ങിൽ ആദരിച്ചു.
ദേവസ്വം ഭരണസമിതി അംഗങ്ങളായ, സന്തോഷ് കുമാർ പുറമാടത്ത്, ഒ.ബി. ലാൽ, കെ. ബാബു പ്രദീപ്, മാനേജർ ടി.പി. ഹരികുമാർ,
ഉപസമിതി ഭാരവാഹികളായ പി.കെ. സുധാകരൻ, കൃഷ്ണകുമാർ തറമുകളിൽ എന്നിവർ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *