ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പ്രവർത്തിച്ചു തുടങ്ങും

0
IMG 20260419 WA0102

ഷാർജ : ഇന്ത്യൻ അസോസിയേഷനു  കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുന്നു. സാഹചര്യങ്ങൾ പോസിറ്റീവ് ആയി മാറിയത് അതിൻ്റെ പൂർണ്ണാർത്ഥത്തിൽ ഏറ്റെടുത്ത് ഷാർജ ഇന്ത്യൻ അസോസിയേഷൻ്റെ കീഴിലുള്ള ഷാർജ ഇന്ത്യൻ സ്കൂൾ ഗേൾസ് വിംഗ്, ഷാർജ ഇന്ത്യൻ സ്കൂൾ ബോയ്സ് വിംഗ്, ഗൾഫ് റോസ് നഴ്സറി, അൽ ഇബ്തിസാമ സെൻറർ എന്നീ നാല് വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ തുറക്കുന്നതിനുള്ള മുഴുവൻ ഏർപ്പാടുകളും പൂർത്തിയാക്കി കഴിഞ്ഞു.സാഹചര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് കുട്ടികളെ സ്വീകരിക്കാൻ സ്കൂളുകൾ സജ്ജമായിക്കഴിഞ്ഞു.

ഇന്ത്യയിൽ നിന്നുള്ള എൻ.സി.ഇ.ആർ.ടി (NCERT) പാഠപുസ്തകങ്ങൾ എത്തിച്ചേരുന്നതിൽ ചെറിയ കാലതാമസം ഉണ്ടായെങ്കിലും, അതിനെ ഫലപ്രദമായി നേരിടാൻ അധ്യാപകർ പ്രത്യേക ലെസ്സൺ പ്ലാനുകൾ നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സ്കൂളുകൾ തുറക്കുന്നതോടെ പാഠപുസ്തകങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കും. കൂടാതെ, ആദ്യ ദിവസങ്ങളിലെ പഠനത്തിന് ആവശ്യമായ പ്രത്യേക പിന്തുണയും അധ്യാപകർ ഉറപ്പാക്കും.

ടെക്സ്റ്റ് ബുക്കുകളും നോട്ടുബുക്കുകളും റെക്കോർഡ് ബുക്കുകളും ഉൾപ്പെടെയുള്ള സ്റ്റഡി മെറ്റീരിയൽ കിറ്റുകൾ എല്ലാ വിദ്യാർത്ഥികൾക്കുമായി ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ സ്കൂളുകളിൽ അനുവദനീയമായ ആളുകളുടെ എണ്ണത്തിന് അനുസരിച്ച് തയാറാക്കിയ സമയക്രമം അനുസരിച്ച് ഭൂരിഭാഗം രക്ഷിതാക്കളും സ്കൂളിലെത്തി കിറ്റുകൾ കൈപ്പറ്റി കഴിഞ്ഞു. ബാക്കിയുള്ള കുട്ടികൾക്കുള്ള കിറ്റുകൾ നാളെ ക്ലാസുകളിൽ വെച്ച് വിതരണം ചെയ്യും. കുട്ടികൾക്ക് സുരക്ഷിതമായി സ്കൂളിൽ എത്തുന്നതിനായുള്ള എല്ലാ മുൻകരുതലുകളും ഒരുക്കാൻ കഴിഞ്ഞ രണ്ടു ദിവസങ്ങളായി അധ്യാപകരും അനധ്യാപക ജീവനക്കാരും കഠിന പരിശ്രമത്തിലാണ്.

വിദ്യാഭ്യാസത്തിൻ്റെയും അറിവിൻ്റെയും ലോകത്തേക്ക് മടങ്ങിയെത്തുന്ന വിദ്യാർത്ഥികൾക്ക് എല്ലാവിധ പിന്തുണയും നൽകുന്ന ഭരണാധികാരികൾക്കും, ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റിക്കും (SPEA) ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നു. കേവലം രണ്ടു ദിവസം കൊണ്ട് സ്കൂളുകളെ സുസജ്ജമാക്കാൻ അഹോരാത്രം പരിശ്രമിച്ച എല്ലാ അധ്യാപകർക്കും ജീവനക്കാർക്കും പ്രത്യേക സ്നേഹവും കടപ്പാടും അറിയിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *