വിഴിഞ്ഞത്ത് മദർഷിപ്പിന് സ്വീകരണം: യാർഡ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം തൊട്ട ആദ്യ മദർഷിപ്പിനെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളും ചേർന്ന് ഇന്ന് സ്വീകരിക്കും. തുറമുഖത്തിലെ യാർഡിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി ചെയ്യും. കഴിഞ്ഞ ദിവസം എത്തിയ സാൻ ഫെർണാണ്ടൊ എന്ന കപ്പലിൽ നിന്ന് കണ്ടെയ്നറുകൾ ഇറക്കിതുടങ്ങിയിരുന്നു. ഇന്നലെ കപ്പൽ എത്തിയെങ്കിലും ഇന്നാണ് ഔദ്യോഗിക സ്വീകരണ ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര തുറമുഖമന്ത്രി സർബാനന്ദ സോനോവാൾ, മറ്റു മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് കപ്പലിന് സ്വീകരണം നൽകും. അദാനി പോർട്സ് സിഇഒ കരൺ അദാനിയും ചടങ്ങിൽ പങ്കെടുക്കും.
എന്നാൽ ഇന്ന് നടക്കുന്ന സ്വീകരണ ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതിൽ വിമർശനമുയർന്നിരുന്നു. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്നാണ് കോൺഗ്രസ് ഉന്നയിക്കുന്ന ആവശ്യം. വിഴിഞ്ഞം ട്രയൽ റണ്ണിന്റെ ഉദ്ഘാടനം യുഡിഎഫ് ബഹിഷ്കരിക്കില്ല. ചടങ്ങിൽ സ്ഥലം എംഎൽഎ എൻ വിൻസൻ്റ് പങ്കെടുക്കും
ആദ്യ കപ്പലിലെ ക്യാപ്റ്റന് മുഖ്യമന്ത്രി ഉപഹാരം നൽകും. ചൈനയിലെ ഷിയാമിൻ തുറമുഖത്ത് നിന്ന് വിഴിഞ്ഞത്തെത്തിയ കപ്പലിൽ 2000ലേറെ കണ്ടെയ്നറുകളാണുള്ളത്. ഇതുവരെ 500ഓളം കണ്ടെയ്നറുകൾ ബെർത്തിലേക്ക് ഇറക്കിയിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ സാൻ ഫെർണാൻഡോ യൂറോപ്പിലേക്ക് തിരികെ പോകും എന്നാണ് അറിയിച്ചിരുന്നതെങ്കിലും വൈകാനാണ് സാധ്യത