സംസ്ഥാനത്ത് ഈ വർഷം മുതൽ കീം പരീക്ഷകൾ ഓൺലൈനായി നടത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം മുതൽ എൻജിനീയറിങ്, ഫാർമസി പ്രവേശനപരീക്ഷകൾ (കീം) ഓൺലൈനായി നടത്തും. ജൂൺ 5 മുതൽ 9 വരെ വിവിധ കേന്ദ്രങ്ങളിലായാണു പരീക്ഷ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 130 സർക്കാർ സ്വാശ്രയ സ്ഥാപനങ്ങളിലെ 198 പരീക്ഷാ കേന്ദ്രങ്ങളിലും, ഡൽഹിയിലെ 2 പരീക്ഷാ കേന്ദ്രങ്ങളിലും, മുംബൈ, ദുബായ് എന്നിവിടങ്ങളിലെ ഓരോ കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടക്കുക.
1,13,447 വിദ്യാർഥികൾ പരീക്ഷയെഴുതും. സർക്കാർ സ്ഥാപനമായ സി- ഡിറ്റ് ആണ് ഓൺലൈൻ പരീക്ഷയ്ക്കായുള്ള സോഫ്റ്റ്വെയർ വികസിപ്പിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്ര വിപുലമായ രീതിയിൽ ഓൺലൈൻ പരീക്ഷ നടത്തുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പരീക്ഷയ്ക്കായി തയ്യാറാക്കിയ സോഫ്റ്റ്വെയറും അനുബന്ധ ഉപകരണങ്ങളുടെ പ്രവർത്തനവും വിലയിരുത്താൻ 24ന് മോക്ക് ടെസ്റ്റും 25ന് ട്രയൽ പരീക്ഷയും പൂർത്തിയാക്കി. ഏതെങ്കിലും സാഹചര്യത്തിൽ ഒരു പ്രത്യേക പരീക്ഷാ കേന്ദ്രത്തിലെയോ ഏതെങ്കിലും ദിവസത്തെയോ പരീക്ഷ മാറ്റിവയ്ക്കേണ്ടി വന്നാൽ ആ പരീക്ഷ 10ന് നടത്തുന്ന രീതിയിൽ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒരു ദിവസം പരമാവധി 18,993 പേർക്ക് പരീക്ഷ എഴുതാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഒരു പരീക്ഷാ കേന്ദ്രത്തിൽ ഒരേ സമയം പരമാവധി 126 കുട്ടികൾക്ക് വരെ പരീക്ഷ എഴുതാം. എല്ലാ കേന്ദ്രങ്ങളിലും കരുതൽ കംപ്യൂട്ടറുകളും ഒരുക്കിയിട്ടുണ്ട്. പ്രവേശന പരീക്ഷാ കമ്മീഷണറേറ്റിൽ പരീക്ഷ നടത്തിപ്പിനായി പ്രത്യേക കൺട്രോൾ റൂം ആരംഭിച്ചു. ജില്ലാ തലങ്ങളിലും കൺട്രോൾ റൂമുകൾ തുറന്നു. നോഡൽ ഓഫിസർക്കായിരിക്കും ജില്ലകളിലെ മേൽനോട്ട ചുമതല. 130 കേന്ദ്രങ്ങളിലും പ്രത്യേക കോ-ഓർഡിനേറ്റർമാരും നിരീക്ഷകരും ഉണ്ടായിരിക്കും. പരീക്ഷാ കേന്ദ്രങ്ങളിലെ സെർവറുകൾ ഉൾപ്പെടെയുള്ളവയുടെ ചുമതല ബന്ധപ്പെട്ട ചീഫ് സൂപ്രണ്ടിനായിരിക്കും