രാഹുലിനെ വിദേശത്തേക്ക് കടക്കാൻ സഹായിച്ചത് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ
കോഴിക്കോട്: ഗാർഹിക പീഡന കേസിൽ പ്രതി രാഹുലിന് രാജ്യം കടക്കാനുള്ള ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. പിടിക്കപ്പെടാതെ ബംഗളൂരുവിൽ പോകാനുള്ള മാർഗങ്ങൾ ഇയാൾ രാഹുലിന് പറഞ്ഞ് കൊടുത്തു എന്നാണ് ലഭ്യമാകുന്ന വിവരം. രാഹുലിന്റെ സുഹൃത്ത് രാജേഷിനും ഇയാൾ സഹായങ്ങൾ എത്തിച്ചുനൽകി. ചാരപ്പണി ശ്രദ്ധയിൽപ്പെട്ട മേലുദ്യോഗസ്ഥർ ഇയാൾക്കെതിരെ അന്വേഷണം നടത്താൻ നിർദേശിച്ചു.പൊലീസുകാരന്റെ കോൾ റെക്കോർഡ് ഉൾപ്പെടെ പരിശോധിക്കാൻ അന്വേഷണ സംഘം തീരുമാനമെടുത്തു.
ആരോപണ വിധേയൻ പന്തീരാങ്കാവ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനാണ്. എന്നാൽ, ഇയാളുടെ പേരും മറ്റ് വിവരങ്ങളും അന്വേഷണ സംഘം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇയാൾ രാഹുലുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നു. പരാതി വിവാദമായതോടെ രാഹുലിനോട് നാടുവിടാൻ ഇയാൾ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ രാജേഷും ആരോപണ വിധേയനായ പൊലീസുകാരനും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും വിവരം ലഭിച്ച. പന്തീരാങ്കാവ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് സംഭവത്തിൽ കമ്മീഷണർ മെമ്മോ നൽകിയിരുന്നു.
ഇതേ കേസിൽ തന്നെ പരാതിക്കാരിയുമായി എത്തിയപ്പോൾ പ്രതിക്ക് സഹായകരമായ നിലപാട് എടുത്തുവെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് എസ്‌എച്ച്‌ഒയെ സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്‌തത്.ഇതിന് ശേഷമാണ് രാഹുലിന് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ആരംഭിച്ചത്. ഇന്റർപോളിന്റെ ഉൾപ്പെടെ സഹായം ആവശ്യപ്പെട്ട് പൊലീസ് മുന്നോട്ട് പോകുമ്പോഴാണ് പൊലീസ് സേനയിലെ തന്നെ ഒരംഗം പ്രതിക്ക് സഹായകരമായ നിലപാട് എടുത്തത്. അതേസമയം, രാഹുലിന് ജർമൻ പൗരത്വമില്ലെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്ക് ഇപ്പോഴും ഇന്ത്യൻ പാസ്‌പോർട്ട് തന്നെയാണുള്ളതെന്ന് അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിൽ തെളിഞ്ഞു. മകന് ജർമൻ പൗരത്വമുണ്ടെന്ന് രാഹുലിന്റെ അമ്മ ഉഷ കുമാരി നേരത്തെ വാദിച്ചിരുന്നു