എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന് തന്നിട്ടുണ്ട് : സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരി
പത്തനംതിട്ട: ഭഗവാനെ സേവിക്കാനുള്ള അനുഗ്രഹം ലഭിച്ചതില് വലിയ സന്തോഷമുണ്ടെന്നും ഇത് ഭഗവാന് അനുഗ്രഹിച്ച നിയോഗമാണെന്നും നിയുക്ത ശബരിമല മേല്ശാന്തി അരീക്കര സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരി. വലിയ പ്രതീക്ഷയാണ് ഇത്തവണ ഉണ്ടായിരുന്നത്. പഴവങ്ങാടി ഗണപതി ഭഗവാന്റെ വലിയൊരു അനുഗ്രഹം ഉണ്ടായിരുന്നു. നാളെ തന്നെ ഭഗവാനെ ദര്ശിക്കാന് പോകുമെന്നും അദ്ദേഹം പറഞ്ഞു. മേല്ശാന്തിയായി തെരഞ്ഞെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തികമായുള്ള ഇച്ഛയോടെ യാതൊന്നും ചെയ്യില്ലെന്നും തനിക്ക് ജീവിക്കാന് ഭഗവാന് ആവശ്യത്തിന് എല്ലാം നല്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ഭഗവാനെ സേവിക്കാനുള്ള ഈ അവസരം വലിയ പുണ്യമായി കാണുന്നുവെന്നും അരീക്കര സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരി പറഞ്ഞു. ‘അയ്യപ്പഭക്തന്മാരോട് എനിക്ക് ഒരു വാക്ക് പറയാനുണ്ട്? ഞാന് എപ്പോഴും സത്യസന്ധനായിരിക്കും. ഒരിക്കലും എന്റെ ഭാഗത്ത് നിന്ന് ഒരുവിധത്തിലുമുള്ള സ്വഭാവദൂഷ്യമോ അല്ലെങ്കില് സാമ്പത്തിക കാര്യത്തിലുള്ള താല്പര്യമോ എന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല. എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന് തന്നിട്ടുണ്ട്. ഇതൊരു വലിയ അവസരമായി ഞാന് കാണുന്നു’- അദ്ദേഹം കൂട്ടിച്ചേര്ത്തു.
മൂന്നാമത്തെ നറുക്കെടുപ്പിലാണ് തിരുവനന്തപുരം സ്വദേശിയായ സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരിയെ തെരഞ്ഞെടുത്തത്. അഞ്ച് വര്ഷമായി പഴവങ്ങാടി ക്ഷേത്രത്തിലെ മേല്ശാന്തിയായി പ്രവര്ത്തിക്കുന്നയാളാണ് അദ്ദേഹം. ശബരിമല മേല്ശാന്തിസ്ഥാനത്തേക്ക് മുന്പ് അഞ്ചുതവണ അപേക്ഷിച്ചിട്ടുള്ള അദ്ദേഹം മൂന്ന് തവണ ചുരുക്കപ്പട്ടികയില് എത്തിയെങ്കിലും നറുക്കെടുപ്പില് നിരാശയായിരുന്നു ഫലം. ഗുരുനാഥന്റെ അനുഗ്രഹം, സജ്ജനങ്ങളുടെ പ്രാര്ത്ഥന, സഹപ്രവര്ത്തകരുടെ പ്രോത്സാഹനവുമാണ് ഈ ഭഗവല് പ്രസാദത്തിന് കാരണമെന്ന് മാളികപ്പുറം മേല്ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട എ ദാമോദരന് നമ്പൂതിരി പറഞ്ഞു.
