റീൽസ് ചിത്രികരിക്കുന്നതിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കൊല്ലം:കരുനാഗപ്പള്ളി തൊടിയൂരിൽ റീൽസ് ചിത്രികരിക്കുന്നതിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.കരുനാഗപ്പള്ളി മരുതൂർകുളങ്ങര കാട്ടിൽക്കടവ് സ്വദേശി അരവിന്ദ് (19) ആണ് മരിച്ചത്.ബെംഗളൂരുവിൽ ബി.എസ്.സി നഴ്സിങ് വിദ്യാർത്ഥിയായിരുന്നു. പോരുവഴി ഇടയ്ക്കാട് കെ.ആർ ഭവനത്തിൽ ആദർശ് (19),തഴവ കൃഷ്ണ ഭവനത്തിൽ ദേവ് കൃഷ്‌ണ (18),തഴവ സ്വദേശി , കാർത്തിക്ക് (18) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.ഇവരെ തിരുവനന്തപുരം,കരുനാഗപ്പള്ളി, ഭരണിക്കാവ് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.പുതിയകാവ്-ചക്കുവള്ളി റൂട്ടിൽ തൊടിയൂർ പാലത്തിന് കിഴക്കുവശം പതാരം റോഡിനു സമീപത്തായി ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്.
മൂന്ന് ബൈക്കുകളിലായി ആറു യുവാക്കളാണ് ഉണ്ടായിരുന്നത്.മുൻപേ പോയ ബൈക്കിലെ യുവാക്കൾ പിറകിലെത്തിയ ബൈക്കുകളുടെ വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഇതിനിടയിൽ രണ്ട് ബൈക്കുകളുടെ ഹാൻഡിൽ തമ്മിൽ കുരുങ്ങുകയും നിയന്ത്രണം വിട്ട് ഒരു ബൈക്ക് സമീപത്തെ ഇലക്ട്രിക് പോസ്റ്റിലും മറ്റൊരു ബൈക്ക് ടൈൽ ഷോറുമിലേക്കും ഇടിച്ചു കയറുകയായിരുന്നു.ശൂരനാട് പൊലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
മരിച്ച അരവിന്ദിന്റെ മാതാവ് രാജി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ അധ്യാപികയാണ്. പിതാവ് രാജു മുൻ സൈനിക ഉദ്യോഗസ്ഥനാണ് (എക്സ് സർവീസ്). സഹോദരൻ: അർജുൻ
