വെങ്ങോലയുടെ വായനാപൂർണ്ണിമ ! ഇ.വി. നാരായണൻ മാഷിന് ഭാഷ ഒരാവേശമാണ്

0
EV NARAYA

കൂവപ്പടി ജി. ഹരികുമാർ

പെരുമ്പാവൂർ: ഒരു പുസ്തകം ഒരായുസ്സിനെ മാറ്റിമറിക്കുമെന്ന് നാം കേട്ടിട്ടുണ്ട്. എന്നാൽ പുസ്തകങ്ങൾ കൊണ്ട് ഒരു നാടിന്റെ സാംസ്കാരികഭൂപടത്തെത്തന്നെ മാറ്റിവരച്ചു കൊണ്ടിരിയ്ക്കുകയാണ് 82 വയസ്സുള്ള പെരുമ്പാവൂർ വെങ്ങോലയിലെ ഇ.വി. എൻ. വെങ്ങോല എന്ന നാരായണൻ മാഷ്. എഴുത്തുകാരനും ഒക്കൽ ശ്രീനാരായണ ഹൈസ്കൂളിലെ റിട്ടയേർഡ് അധ്യാപകനുമാണ്. ഒരു ജനതയെ സാംസ്കാരികമായും ബൗദ്ധികമായും ഉണർത്താൻ അക്ഷരങ്ങൾക്കും പുസ്തകങ്ങൾക്കും കഴിഞ്ഞിട്ടുണ്ടെങ്കിൽ, അതിനു പിന്നിൽ ചില മനുഷ്യരുടെ അശ്രാന്തപരിശ്രമങ്ങളുണ്ടാകും എന്നതിന്റെ വ്യക്തമായ തെളിവാണ് ഇദ്ദേഹം. വെങ്ങോല കേന്ദ്രീകരിച്ച് പ്രവർത്തിയ്ക്കുന്ന സാമൂഹിക-സാംസ്കാരിക സാഹിത്യ കൂട്ടായ്മയായ ‘വായനാ പൂർണിമ’യുടെ പ്രവർത്തനത്തിലൂടെ കുട്ടികളിലേയ്ക്കും വലിയവരിലേയ്ക്കും വായനയുടെ അനുഭൂതിയും ആവേശവും പകരുവാനുള്ള നിരന്തരമായ പരിശ്രമങ്ങളിൽ ആണ് മാഷ്. പ്രായഭേദമന്യേ, ഭാഷാസാഹിത്യത്തിലും കലകളിലും എന്നുവേണ്ട സാമൂഹിക പൊതുമണ്ഡലങ്ങളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്നവരെ കണ്ടെത്തി അംഗീകരിച്ചാദരിയ്ക്കുക എന്നത് വായനാപൂർണ്ണിമയുടെ ഈ അക്ഷരമുത്തശ്ശൻ ഏറ്റെടുത്തിരിയ്ക്കുന്ന ഒരു സാമൂഹികദൗത്യമാണെന്നു പറയാം. ഒരുപറ്റം ഭാഷാസ്നേഹികളുടെ കൂട്ടായ്മയോടെയാണ് മാഷ് ഇതെല്ലാം വിജയകരമായി നടപ്പാക്കി വരുന്നത്. എല്ലാവർഷവും ജൂൺ 19ന് ദേശീയവായനാദിനാചരണത്തിന്റെ ഭാഗമായി പ്രാദേശികതലത്തിൽ വിദ്യാലയങ്ങളുമായും വായനശാലകളുമായും സഹകരിച്ച് നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു.

ഒരു തലമുറയെ വാർത്തെടുക്കേണ്ടത് പുസ്തകങ്ങളിലൂടെയാണെന്ന് ഇ.വി. നാരായണൻ മാഷ് ഉറച്ചു വിശ്വസിക്കുന്നു. കുട്ടികളിൽ വായന കേവലമൊരു വിനോദത്തിനപ്പുറം ഒരു ശീലമായി മാറ്റാനാണ് മാഷ് നിരന്തരമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. കുട്ടികൾക്കായി പ്രത്യേക വായനാമത്സരങ്ങൾ സംഘടിപ്പിച്ചും ലളിതമായ ഭാഷയിലുള്ള പുസ്തകങ്ങൾ അവർക്കായി തിരഞ്ഞെടുത്തു നൽകിയും വായിച്ച പുസ്തകങ്ങളെക്കുറിച്ച് കുട്ടികൾക്ക് ചർച്ച ചെയ്യാനും ആസ്വാദനക്കുറിപ്പുകൾ എഴുതാനുമുള്ള വേദികൾ ഒരുക്കിക്കൊണ്ട് മാഷ് കുട്ടികൾക്കൊപ്പം എപ്പോഴുമുണ്ട്. വെങ്ങോല വായനാപൂർണ്ണിമ ഗ്രന്ഥശാലയെ ഇന്നത്തെ നിലയിലേക്ക് ഉയർത്തുന്നതിൽ മാഷിന്റെ സംഘാടകമികവ് എടുത്തുപറയേണ്ടതാണ്. വെറുമൊരു പുസ്തകശേഖരം എന്നതിനപ്പുറം, നാടിന്റെ സാംസ്കാരിക കേന്ദ്രമായി ലൈബ്രറിയെ അദ്ദേഹം മാറ്റിയെടുത്തു. മലയാളഭാഷയോടും സംസ്കാരത്തോടും അങ്ങേയറ്റത്തെ ആദരവ് പുലർത്തി ഭാഷാപക്ഷാചരണവും വായനാവാരവും കേവലം ചടങ്ങുകളിൽ ഒതുക്കാതെ അർത്ഥപൂർണ്ണമായ പരിപാടികളോടെ ജനങ്ങളിലേക്ക് എത്തിക്കാനാണ് അദ്ദേഹം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പ്രശസ്തരായ എഴുത്തുകാരെയും സാംസ്കാരിക നായകന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് സംവാദങ്ങൾ സംഘടിപ്പിക്കുക, മാതൃഭാഷയുടെ പ്രാധാന്യം വിളിച്ചോതുന്ന അക്ഷരശിൽപ്പശാലകളും കവിതാലാപനമത്സരങ്ങളും അദ്ദേഹം വായനാപൂർണ്ണിമയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു.

ഭാഷാപരമായ ശുദ്ധിക്കും വിജ്ഞാനവ്യാപനത്തിനുമായി നിരന്തരം ക്ലാസുകൾ എടുക്കുന്നു. വായനശാലകളെ നവീകരിക്കാനും വരുംതലമുറയ്ക്ക് വായനയുടെ വെളിച്ചം പകർന്നു നൽകാനും അദ്ദേഹം ചെയ്തുവരുന്ന സേവനങ്ങൾ കേരളത്തിന്റെ ഭാഷാചരിത്രത്തിൽ എന്നും സുവർണ്ണാക്ഷരങ്ങളാൽ രേഖപ്പെടുത്തപ്പെടും. 2011 മുതൽ 2016 വരെ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കുട്ടികളുടെ മാസികയായ ‘തളിരി’ന്റെ സബ്ബ് എഡിറ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡയറക്ടർബോർഡ്‌ മെമ്പറുമായിരുന്നു. 2014-ൽ കേരളാ സാഹിത്യ അക്കാദമിയുടെ ഗ്രന്ഥശാലാ പ്രവർത്തക പുരസ്കാരവും ലഭിച്ചു. സാംസ്കാരിക രംഗത്തെ സമഗ്രസംഭാവനകൾ പരിഗണിച്ച് ദേശാചാര്യ പുരസ്കാരം, അക്ഷരജ്യോതി പുരസ്കാരം എന്നിവ നൽകി ആദരിച്ചിട്ടുണ്ട്. തന്റെ സേവനമേഖലകളിലെ പ്രവർത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുവാനായി ഫെയ്‌സ് ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ സജീവമായി ഈ പ്രായത്തിലും ഉപയോഗിക്കുന്നു മാഷ്. ജൂൺ 19 മുതൽ ജൂലൈ 19 വരെ നീണ്ടുനിൽക്കുന്ന വായനമാസാചരണത്തിനാണ് ഇത്തവണ വായനാപൂർണ്ണി പദ്ധതിയിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം ഭാഷാസ്നേഹികൾ സ്വന്തമായുള്ള പുസ്തകങ്ങൾ കൂട്ടിച്ചേർത്ത് വീട്ടിൽ വായനശാല ക്രമീകരിക്കുവാൻ ആഹ്വാനവും നൽകുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *