പാലായിൽ യുഡിഎഫിന് തിരിച്ചടി, കോൺഗ്രസ് വിമത മായാ രാഹുല്‍ അധ്യക്ഷ : പിന്തുണച്ച് എല്‍ഡിഎഫ്

കോട്ടയം: പാലാ നഗരസഭയുടെ അധ്യക്ഷയായി യുഡിഎഫ് വിമത മായ രാഹുല്‍ തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫ് പിന്തുണയോടെയാണ് മായ തെരഞ്ഞെടുക്കപ്പെട്ടത്. എല്‍ഡിഎഫും യുഡിഎഫ് വിമതരും മായയ്ക്ക് വോട്ടു ചെയ്തു. ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ 26 അംഗ കൗൺസിലിൽ 16 പേരുടെ പിന്തുണ മായ രാഹുലിന് ലഭിച്ചു.
ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ റിയ ബിനോ ചീരാംകുഴിയെയാണ് മായ രാഹുല്‍ പരാജയപ്പെടുത്തിയത്. യുഡിഎഫ് സ്ഥാനാര്‍ഥി റിയ ബിനോ ചീരാംകുഴിക്ക് 10 വോട്ടാണ് ലഭിച്ചത്. പാലാ മുനിസിപ്പല്‍ കൗണ്‍സിലില്‍ രണ്ടാം ടേമിലും വിജയിച്ച മായാ രാഹുല്‍ 19ാം വാര്‍ഡിനെയാണ് പ്രതിനിധീകരിക്കുന്നത്.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയർപേഴ്സൺ എന്ന ചരിത്രം കുറിച്ച ദിയ ബിനു പുളിക്കക്കണ്ടം എൽഡിഎഫ് അവിശ്വാസ പ്രമേയത്തെത്തുടർന്ന് പുറത്തായ സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നത്. കോൺഗ്രസിലെ നാല് കൗൺസിലർമാരുടെയും സ്വതന്ത്രയായ നഗരസഭ ഉപാധ്യക്ഷയുടെയും വോട്ടിന്റെ പിൻബലത്തിലാണ് എൽഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായത്. ചർച്ചയിൽ പങ്കെടുക്കരുത് എന്ന പാർട്ടി വിപ്പ് ലംഘിച്ചാണ് നാല് കോൺഗ്രസ് കൗൺസിലർമാർ അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തത്.
