മെലിഞ്ഞിരിക്കുന്നവരിലും ഫാറ്റി ലിവർ

തയ്യാറാക്കിയത്: ഡോ. ആന്റണി പോൾ ചേറ്റുപുഴ സീനിയർ കൺസൾട്ടന്റ് & എച്ച്ഒഡി, ഗ്യാസ്ട്രോഎൻട്രോളജി & ഹെപ്പറ്റോളജി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ, അങ്കമാലി
അമിതവണ്ണമുള്ളവരിലോ കുടവയറുള്ളവരിലോ മാത്രം കണ്ടുവരുന്ന ഒന്നാണ് ഫാറ്റി ലിവർ എന്നാണ് പൊതുധാരണ. എന്നാൽ, ഈ ധാരണയെ തിരുത്തിക്കൊണ്ട് ഇന്ന് ലീൻ ഫാറ്റി ലിവർ എന്ന അവസ്ഥ വർധിച്ചുവരികയാണ്. പുറമെ നോക്കിയാൽ തികച്ചും ആരോഗ്യവാനാണെന്ന് തോന്നിക്കുന്ന, ബിഎംഐ (BMI) സാധാരണ നിലയിലുള്ളവരിലും കരൾ രോഗം നിശബ്ദനായി കടന്നുകൂടുന്നു.
എന്താണ് ലീൻ ഫാറ്റി ലിവർ?
ശരീരഭാരം കുറവാണെങ്കിലും കരൾ കോശങ്ങളിൽ അമിതമായി കൊഴുപ്പ് അടിയുന്ന അവസ്ഥയാണിത്. ഏഷ്യൻ രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഇന്ത്യയിൽ ഇത്തരം കേസുകൾ വർദ്ധിച്ചുവരുന്നത് ആശങ്കാജനകമാണ്. ഈ അവസ്ഥയിൽ, അമിതമായ മദ്യപാനമോ പൊണ്ണത്തടിയോ ഇല്ലാതെ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നു.
ശരീരത്തിന് പുറത്ത് കൊഴുപ്പ് അധികമില്ലെങ്കിലും ആന്തരികാവയവങ്ങൾക്ക് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്ന പ്രതിഭാസമാണിതിന് കാരണം. ഡോക്ടർമാർ ഇതിനെ ലീൻ NAFLD (നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്) എന്ന് വിളിക്കുന്നു, ശ്രദ്ധിച്ചില്ലെങ്കിൽ മറ്റ് ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
