തണ്ണിത്തോട്ടില്‍ കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി

പത്തനംതിട്ട: തണ്ണിത്തോട്ടില്‍ കിണറ്റില്‍ വീണ കുട്ടിയാനയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. അഞ്ചു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ആനയെ കരയ്ക്കു കയറ്റിയത്. കരയ്ക്കു കയറിയ കുട്ടിയാന വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു.തണ്ണിത്തോട് മേക്കണത്ത് ജനവാസ മേഖലയിലെ റബര്‍ തോട്ടത്തിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് കുട്ടിയാന വീണത്. ഏകദേശം രണ്ട് വയസ്സ് പ്രായം തോന്നിക്കുന്ന പിടിയാനയെ ആണ് കിണറ്റില്‍ കണ്ടെത്തിയത്.
കിണറ്റില്‍ നിന്ന് ആനയുടെ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയാനയെ കാണുന്നത്.തുടര്‍ന്ന് വിവരം വനപാലകരെ അറിയിച്ചു. ആന വീണ കിണറ്റില്‍ വെള്ളമില്ലാത്തത് രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമാകുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍, കിണറിന്റെ ഒരു ഭാഗം ഇടിച്ചാണ് കാട്ടാനയെ പുറത്തെത്തിച്ചത്.
