നവരാത്രി ആഘോഷങ്ങള്‍ക്ക് മുസ്ലിംകളെ വിലക്കി വിഎച്ച്പി തിലകം നിര്‍ബന്ധം

7
NAVARATHRI

മുംബൈ: മഹാരാഷ്ട്രയില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഗര്‍ബ, ദണ്ഡിയ പരിപാടികളില്‍ നിന്ന് മുസ്ലിംകളെ വിലക്കാനും പങ്കെടുക്കുന്നവര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനിച്ച് വിശ്വഹിന്ദു പരിഷത്ത്. ഹിന്ദുവാണെന്ന് സ്ഥിരീകരിക്കുന്നതിനായി പങ്കെടുക്കുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്നും നെറ്റിയില്‍ തിലകം ചാര്‍ത്തണമെന്നും ആവശ്യപ്പെടുന്നതാണ് സംഘടനയുടെ പുതിയ നിര്‍ദ്ദേശങ്ങള്‍. വിഎച്ച്പി ദേശീയ വക്താവും ജോയിന്റ് സെക്രട്ടറിയുമായ ശ്രീരാജ് നായരാണ് നവരാത്രി ആഘോഷങ്ങളില്‍ മുസ്ലിംകള്‍ പങ്കെടുക്കുന്നത് നിരോധിച്ചുകൊണ്ടുള്ള തീരുമാനം വ്യക്തമാക്കിയത്.

നവരാത്രി ഉത്സവം പാട്ടും നൃത്തവും മാത്രമല്ല, ദേവി പൂജ കൂടിയാണ്. വിഗ്രഹാരാധനയെ എതിര്‍ക്കുന്ന മുസ്ലിംകള്‍ എന്തിനാണ് ഈ ഉത്സവത്തില്‍ പങ്കെടുക്കുന്നത്  ശ്രീരാജ് ചോദിച്ചു. മുസ്ലിംകളെ പങ്കെടുപ്പിക്കാത്തത് വിഎച്ച്പി ഏതെങ്കിലും സമുദായത്തിന് എതിരായതുകൊണ്ടാണെന്ന് അര്‍ത്ഥമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മതപരിവര്‍ത്തനത്തിനും ഗോവധ നിരോധനത്തിനും എതിരെയുള്ള നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത വിഎച്ച്പി, ഹിന്ദുക്കളുടെ സാംസ്‌കാരിക പൈതൃകത്തിന്റെ അവിഭാജ്യ ഘടകമാണ് ആഘോഷങ്ങളെന്ന് വിശ്വസിക്കുന്നു. എങ്കിലും നിയന്ത്രണങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ മാത്രമാണെന്നും മുസ്ലിംകള്‍ക്കോ മറ്റ് സമുദായങ്ങള്‍ക്കോ എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഴ്ചകള്‍ക്ക് മുന്‍പ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ന്യൂയോര്‍ക്കില്‍ നടന്ന പരിപാടിയില്‍ സാര്‍വത്രിക ഏകത്വത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ‘ഇന്ത്യയില്‍ മുസ്ലിംകള്‍ ഉണ്ടാകരുതെന്ന് ഏതെങ്കിലും ഹിന്ദു ചിന്തിച്ചാല്‍ അയാള്‍ ഹിന്ദുവായി തുടരില്ല’ എന്നായിരുന്നു മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം. ആര്‍എസ്എസ് മേധാവിയുടെ ഈ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തോട്, ഇതില്‍ അഭിപ്രായം പറയുന്നില്ലെന്നും തങ്ങള്‍ ആര്‍ക്കുമെതിരല്ല, സാമൂഹിക സൗഹൃദത്തിലും സമാധാനത്തിലും വിശ്വസിക്കുന്നു എന്നുമായിരുന്നു വിഎച്ച്പി നേതാവിന്റെ മറുപടി.

Spread the love

7 thoughts on “നവരാത്രി ആഘോഷങ്ങള്‍ക്ക് മുസ്ലിംകളെ വിലക്കി വിഎച്ച്പി തിലകം നിര്‍ബന്ധം”

Leave a Reply

Your email address will not be published. Required fields are marked *