ഫെഫ്കയിൽ അംഗമായി നടൻ മോഹൻലാൽ; ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചു
കൊച്ചി: മലയാള സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടെ ഡയറക്ടേഴ്സ് യൂണിയനിൽ അംഗമായി നടൻ മോഹൻലാൽ. സംവിധായകരായ ഉണ്ണികൃഷ്ണനും സിബി മലയിലും ചേർന്നാണ് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ചലച്ചിത്ര തൊഴിലാളി സംഗമ വേദിയിൽ നടൻ മോഹൻലാലിനെ അംഗത്വം നൽകി സംഘടനയിലേക്ക് സ്വീകരിച്ചത്.
ഫെഫ്കയുടെ ഐഡി കാർഡിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് മോഹൻലാൽ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.” ഊഷ്മളമായ സ്വീകരണത്തിനും സ്വാഗതത്തിനും ഫെഫ്കയ്‌ക്ക് ഹൃദയം നിറഞ്ഞ നന്ദി. ഈ അവിശ്വസനീയമായ കുടുംബത്തിന്റെ ഭാഗമാകാൻ സാധിച്ചത് ബഹുമതിയായി കാണുന്നു” എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്.
ഇന്ന് തൊഴിലാളി സംഗമം പ്രമാണിച്ച് മലയാള ചലച്ചിത്ര, സീരിയൽ, വെബ് സീരീസ് ചിത്രീകരണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും സമ്പൂർണ്ണ അവധി നൽകിയിട്ടുണ്ട്. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 10 മണി മുതൽ നടക്കുന്ന പരിപാടിയിൽ മലയാള സിനിമ മേഖലയിലെ നിരവധി സാങ്കേതിക പ്രവർത്തകരാണ് പങ്കെടുക്കുന്നത്.
ഉർവശി, സിദ്ദീഖ്, ജനാർദ്ദനൻ, ജയസൂര്യ, ടോവിനോ തോമസ്, ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ താരങ്ങളും മോഹൻലാലിനെ കൂടാതെ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ‘ബറോസ്’ എന്ന ചിത്രം മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ്. സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്.