സപ്ലൈക്കോ ഈസ്റ്റര്‍ റംസാന് വിഷു ചന്ത ഇന്ന് മുതൽ ആരംഭിക്കും
തിരുവനന്തപുരം: ആഘോഷനാളുകളിൽ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിന്റെ ഭാഗമായി സർക്കാർ നടത്തുന്ന ഈസ്റ്റർ, റംസാൻ, വിഷു ചന്തകൾ ഇന്ന് മുതൽ തുടങ്ങും. സപ്ലൈക്കോ മുഖേനയാണ് പ്രത്യേക വിൽപ്പന. സംസ്ഥാനത്തെ മുഴുവൻ താലൂക്കിലും തെരഞ്ഞെടുക്കപ്പെട്ട ഒരു സപ്ലൈക്കോ ഔട്ട്ലെറ്റില് ഈസ്റ്റര്‍ റംസാൻ വിഷു ഫെയര്‍ വിപണി ആരംഭിക്കും.
സംസ്ഥാനത്തെ 83 താലൂക്കുകളിലും ചന്തകളുടെ പ്രവർത്തനം ഉണ്ടാകും. ഏപ്രിൽ 13 വരെയാണ് ചന്തകൾ ഉണ്ടാവുക. 13 ഇനം സബ്സിഡി സാധനങ്ങൾ ചന്തകളിൽ ലഭിക്കുമെന്നാണ് വിവരം. വിവിധ ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ വിലക്കുറവ് നല്കുന്ന ‘ഗോള്‍ഡന്‍ ഓഫര്‍’ പദ്ധതിയാണ് നടപ്പാക്കുന്നത്. മാര്‍ച്ച് 12 മുതല്‍ സപ്ലൈക്കോ ഇത് നടപ്പാക്കി വരുന്നുണ്ട്.
സപ്ലൈക്കോയിലൂടെ ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകും. സംസ്ഥാന സർക്കാർ വിപണി ഇടപെടലിനായി കഴിഞ്ഞ ദിവസം 200 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ഈ തുകയും ഉപയോഗിച്ചാണ് ചന്തകൾ ഒരുക്കുക. സംസ്ഥാന സർക്കാർ പുറത്തിറക്കിയ ശബരി കെ – റൈസ് വിതരണവും പുരോഗമിക്കുന്നുണ്ട്. ഒരു റേഷന്‍ കാര്‍ഡിന് അഞ്ച് കിലോഗ്രാം എന്ന കണക്കിലാണ് കെ – റൈസ് നല്‍കുന്നത്.