ആദ്യ ഘട്ടത്തിലേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം ഇന്ന് മുതൽ ലോക്സഭ
ആദ്യ ഘട്ട ലോക്സഭ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക ഇന്ന് മുതൽ സമർപ്പിക്കാം. മാർച്ച് 27 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ആദ്യഘട്ട തിരഞ്ഞടുപ്പ് ഏപ്രിൽ 19ന് നടക്കുമ്പോൾ, ഒന്നാംഘട്ടത്തിൽ 21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുക.
രണ്ടാംഘട്ട വോട്ടെടുപ്പ് ഏപ്രിൽ 26നാണ്. രണ്ടാം ഘട്ടത്തിൽ കേരളമടക്കം 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് ഏഴിന് 12 സംസ്ഥാനങ്ങളിലായി 94 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കും.
ആദ്യ ഘട്ടത്തിലെ സൂക്ഷ്മ പരിശോധന മാർച്ച് 28ന് നടക്കും. പത്രിക പിൻവലിക്കേണ്ട അവസാന തിയതി മാർച്ച് 30 ആണ്. 25000 രൂപയാണ് തിരഞ്ഞെടുപ്പ് പത്രിക സമർപ്പിക്കുന്നതിനൊപ്പം സ്ഥാനാർത്ഥികൾ കെട്ടിവയ്ക്കേണ്ട തുക. എസ്.സി, എസ്.ടി വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥികൾ 12,500 രൂപ കെട്ടിവച്ചാൽ മതിയാകും.
നാലാംഘട്ടം വോട്ടെടുപ്പ് മെയ് 13നാണ്. 10 സ്ഥാനങ്ങളിലെ 96 മണ്ഡലങ്ങളിലാണ് നാലാം ഘട്ട വോട്ടെടുപ്പ്. അഞ്ചാം ഘട്ട വോട്ടെടുപ്പ് മെയ് 20നാണ്. എട്ട് സംസ്ഥാനങ്ങളിലെ 49 മണ്ഡലങ്ങളിലാണ് അഞ്ചാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. ആറാം ഘട്ട വോട്ടെടുപ്പ് മെയ് 25നാണ്. ഏഴ് സംസ്ഥാനങ്ങളിലായി 57 മണ്ഡലങ്ങളിലാണ് ഏഴാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. അവസാനഘട്ടം ജൂണ് ഒന്നിനാണ്. ഏഴാം ഘട്ടത്തിൽ എട്ട് സംസ്ഥാനങ്ങളിലെ 57 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
തമിഴ്നാട്ടിലെ 39 മണ്ഡലങ്ങൾ, രാജസ്ഥാനിലെ 12 മണ്ഡലങ്ങൾ, ഉത്തർപ്രദേശിൽ 8, മധ്യപ്രദേശിൽ ആറ്, അസ്സമിലും മഹാരാഷ്ട്രയിലും ഉത്തരാഖണ്ഡിലും അഞ്ച് വീതം മണ്ഡലങ്ങൾ, ബിഹാറിൽ നാല്, പശ്ചിമ ബംഗാളിൽ രണ്ട്, അരുണാചൽ, മണിപ്പൂർ, മേഘാലയ എന്നിവിടങ്ങളിൽ രണ്ട്, പുതുച്ചേരി, ലക്ഷദ്വീപ്, ജമ്മു കശ്മീർ, ആൻഡമാൻ നികോബാർ ദ്വീപുകൾ, ത്രിപുര, സിക്കിം, നാഗാലാൻഡ്, മിസോറം, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ ഓരോ മണ്ഡലത്തിൽ വീതവുമാകും ആദ്യഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുക.ജൂൺ നാലിനാണ് ഫല പ്രഖ്യാപനം.