കാരുണ്യ പദ്ധതിക്ക് ധനവകുപ്പ് 150 കോടി രൂപ കൂടി അനുവദിച്ച് ധനവകുപ്പ്

0

തിരുവനന്തപുരം: സംസ്ഥാനത്തെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 150 കോടി രൂപ കൂടി അനുവദിച്ച് ധനവകുപ്പ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കായി 150 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതുവരെ പദ്ധതിക്കായി രണ്ടാം പിണറായി സർക്കാർ 2,695 കോടി രൂപയാണ് നൽകിയിട്ടുള്ളത്. ഇതിൽ നൂറുകോടി രൂപ കഴിഞ്ഞമാസമാണ് നൽകിയത്.

151 കോടി രൂപ മാത്രമാണ് ഇതിൽ കേന്ദ്രസർക്കാർ വിഹിതമായി ഉള്ളത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ സംസ്ഥാനത്തെ 41.96 ലക്ഷം കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപയുടെ ആശുപത്രി ചികിത്സയാണ് ഒരു വർഷം പദ്ധതിയിലൂടെ ഉറപ്പാക്കുന്നത്.

സർക്കാർ,എം പാനൽ ചെയ്ത സ്വകാര്യ ആശുപത്രികൾ എന്നിവയിലൂടെ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത കുടുംബങ്ങൾക്ക് സൗജന്യ ചികിത്സാ സൗകര്യം ലഭ്യമാക്കുന്നുണ്ട്. പദ്ധതിയിലൂടെ കുടുംബത്തിലെ മുഴുവൻ വ്യക്തികൾക്കും ഒരു വ്യക്തിക്ക് മാത്രമായും സഹായം ലഭ്യമാകും. പദ്ധതി വഴി സഹായം ലഭിക്കുന്നതിന് കുടുംബത്തിലെ അംഗങ്ങളുടെ എണ്ണമോ പ്രായപരിധിയോ തടസ്സമാകുകയുമില്ല.

മുൻഗണന മാനദണ്ഡങ്ങളില്ലാതെ പദ്ധതിയിൽ അംഗമാകുന്ന എല്ലാ വ്യക്തികൾക്കും ചികിത്സാസഹായം ലഭ്യമാക്കുന്ന പദ്ധതിയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി. സംസ്ഥാനത്തെ 600 ലേറെ ആശുപത്രികളിൽ നിലവിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ ചികിത്സ സൗകര്യം ലഭ്യമാകുന്നുണ്ട്.

ഇതുകൂടാതെ വാർഷിക വരുമാനം 3 ലക്ഷത്തിൽ താഴെയുള്ളതും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ഉൾപ്പെടാത്തതുമായ കുടുംബങ്ങൾക്ക് കാരുണ്യ ബെനവലന്റ് ഫണ്ട് സൗജന്യ ചികിത്സാ പദ്ധതിയും സംസ്ഥാന സർക്കാർ നൽകുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *