പിടികൊടുക്കാതെ ചക്കക്കൊമ്പൻ : ആദ്യ ദിവസത്തെ ദൗത്യം അവസാനിപ്പിച്ചു
ഇടുക്കി: ചിന്നക്കനാൽ മേഖലയിൽ ജനവാസ കേന്ദ്രങ്ങളിലിറങ്ങി ഭീതി പരത്തിയ ചക്കക്കൊമ്പനെ മയക്കുവെടി വച്ച് തളയ്ക്കാനുള്ള ആദ്യ ദിവസത്തെ ശ്രമം വിഫലമായി. പത്തു മണിക്കൂറിലേറെ നീണ്ട ശ്രമകരമായ നീക്കത്തിനു ശേഷം ദൗത്യസംഘം മയക്കുവെടി വെച്ചെങ്കിലും ആദ്യ ഡോസിൽ ആന പൂർണമായും മയങ്ങിയിരുന്നില്ല. അനങ്ങുന്നുണ്ടായിരുന്നു. നിരീക്ഷണത്തിൽ തുടർന്ന കൊമ്പനെ ആവശ്യമെങ്കിൽ രണ്ടാമതും മയക്കുവെടി വയ്ക്കാനായിരുന്നു ദൗത്യസംഘത്തിൻറെ പരിപാടി. എന്നാൽ ഇതിനിടെ എഴുനേറ്റ കൊമ്പൻ കാട്ടിലേക്ക് തിരികെ ഓടിക്കയറി. കാലാവസ്ഥ പ്രതികൂലമായതോടെ ഇന്നത്തെ ദൗത്യം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നേമുക്കാലോടെ സിങ്കുകണ്ടത്തിന് സമീപം ഓമനക്കുടി ഭാഗത്തെ പുൽമേട്ടിൽ വെച്ചാണ് ആദ്യ ഡോസ് മയക്കുവെടി വെച്ചത്. നാല് മണിയോടെ കുങ്കിയാനകളുടെ സഹായത്തോടെ ആനയെ അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി റേഡിയോ കോളർ ഘടിപ്പിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു അധികൃതർ. വനംവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ ഫോറസ്റ്റ് ഡിവിഷനുകൾക്ക് കീഴിലുള്ള റാപ്പിഡ് റെസ്പോൺസ് ടീമുകൾ (ആർആർടി), എലിഫന്റ് സ്ക്വാഡ് തുടങ്ങിയ വിഭാഗങ്ങളിലെ 140 അംഗ സംഘമാണ് ദൗത്യത്തിൽ പങ്കെടുത്തത്.
