ഗാസയിൽ വിശപ്പിൻ്റെ നിലവിളി: ചെക്ക്പോസ്റ്റുകൾ അടച്ചതോടെ പട്ടിണിയിലായി മനുഷ്യർ
ഗാസ: ഇസ്രയേൽ ഗാസയിലേക്കുള്ള ചെക്ക്പോസ്റ്റുകള്‍ അടച്ചതോടെ ഭക്ഷ്യ ക്ഷാമം രൂക്ഷമാകുന്നു. ഭക്ഷണത്തിന് വേണ്ടി ബേക്കറികൾക്കും കടകൾക്കും മുന്നിൽ മണിക്കൂറുകളോളമാണ് ആളുകൾ കാത്തുനിൽക്കുന്നത്. സന്നദ്ധസംഘടനകളുടെ സഹായ വിതരണവും പ്രതിസന്ധിയിലായതോടെ പ്രശ്നം ഗുരുതരമായി തുടരുകയാണ്. ചെക്ക്പോസ്റ്റുകൾ അടഞ്ഞുകിടക്കുന്നതിനാൽ ഗാസയിലേക്ക് ഭക്ഷ്യസാമഗ്രഹികൾ എത്തുന്നില്ല. പല ബേക്കറികളിലും റൊട്ടികളും ബ്രഡുകളുമെല്ലാം തീർന്ന അവസ്ഥയാണ്.
ഗാസയിലെ സന്നദ്ധസംഘടനകളുടെ സഹായ വിതരണവും ഏകദേശം നിലച്ച മട്ടാണ്. ധനസഹായത്തിന്റെ വൻ കുറവ് മൂലം പല സന്നദ്ധ സംഘടകളും നൽകിയ പിന്തുണ വെട്ടികുറയ്ക്കുകയാണ്. ഗാസയിലെ ജനങ്ങൾക്ക് നൽകിവന്നിരുന്ന ഭക്ഷ്യസഹായത്തിൽ മൂന്നിലൊന്ന് വെട്ടിക്കുറക്കാൻ സംഘടനകൾ നിർബന്ധിതരായിരിക്കുകയാണെന്നാണ് യുണൈറ്റഡ് നേഷൻസിന്റെ ലോക ഭക്ഷ്യ പ്രോഗ്രാം പുറത്തുവിടുന്ന വിവരങ്ങൾ. ഭക്ഷണത്തിനായി വിവിധ ബേക്കറികള്‍ക്കും ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ക്കും മുന്നില്‍ ആളുകള്‍ മണിക്കൂറുകളോളം കാത്തിരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ ഗാസയിലുള്ളത്. ഇസ്രയേൽ ഏർപ്പെടുത്തിയ അതിർത്തി നിയന്ത്രണങ്ങൾ അത്യാവശ്യ സാധങ്ങൾക്ക് പോലും വലിയ വിലയാണ് സാധാരണക്കാർക്ക് നൽകേണ്ടി വരുന്നത്. പ്രതിദിനം വിതരണം ചെയ്തിരുന്ന ചൂടുഭക്ഷണത്തിന്റെ അളവിലും കുറവുണ്ടായിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിക്കുന്നു.
അതിരൂക്ഷമായി തുടരുന്ന ഭക്ഷ്യക്ഷാമം മൂലം പല കുടുംബങ്ങളും പട്ടിണിയിലാണ്, ഇതിൽ രണ്ട് ലക്ഷത്തോളം മനുഷ്യർ പട്ടിണി മരണത്തിന്റെ വക്കിലാണെന്നാണ് റിപ്പോർട്ടുകൾ. ഗാസയിലെ ജനസംഖ്യയിലെ ഭൂരിഭാഗം പേർക്കും തൊഴിൽ ഇല്ലാത്ത സാഹചര്യത്തിൽ പ്രശ്നം കുറച്ചുകൂടി ഗുരുതരമാകുന്ന അവസ്ഥയിലാണുള്ളത്.
