മുഖ്യമന്ത്രി ശൈലി മാറ്റണം: സതീശനെതിരെ വീണ്ടും അടൂര്‍ പ്രകാശ്

0
ADOOR CM

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വിഡി സതീശന്‍ ശൈലി മാറ്റണമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. മുഖ്യമന്ത്രി വിഡി സതീശന്റെ നിലപാടുകള്‍ക്കെതിരെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ഇന്നലെ പരാതി നല്‍കിയെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ഡല്‍ഹിയില്‍ പ്രതിപക്ഷ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് യുഡിഎഫ് കണ്‍വീനറുടെ പ്രതികരണം.

ഇന്നലെയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരാതി നല്‍കിയതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. ‘വിഡി സതീശനെതിരെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. ഇക്കാര്യത്തില്‍ ദേശീയ നേതൃത്വം എടുക്കുന്ന തീരുമാനത്തിനൊപ്പം നില്‍ക്കും. മുഖ്യമന്ത്രിക്കെതിരെ ഘടകകക്ഷികളില്‍ പലര്‍ക്കും പരാതിയുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ക്കുമുണ്ട്. മുഖ്യമന്ത്രി ഒരു കാര്യവും യുഡിഎഫുമായി ആലോചിക്കാതെ മുമ്പോട്ടുപോകുന്നത്. അതില്‍ മാറ്റം ഉണ്ടാകണം. മുഖ്യമന്ത്രി ശൈലി മാറ്റണം’- അടൂര്‍ പ്രകാശ് പറഞ്ഞു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഉന്നയിച്ച പരാതികള്‍ അടങ്ങുന്ന വിശദമായ കത്ത് അടൂര്‍ പ്രകാശ് ഖാര്‍ഗെയ്ക്ക് നല്‍കിയതായാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി സര്‍ക്കാര്‍ ഏകോപനമില്ലായ്മയിലെ പ്രശ്നങ്ങളും മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ മുഖ്യമന്ത്രി എടുത്തതായി ആരോപിക്കപ്പെടുന്ന തീരുമാനങ്ങളുമെല്ലാം രേഖപ്പെടുത്തിയ പ്രത്യേക പരാതിയാണ് കൈമാറിയതെന്നാണ് വിവരം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയെയും അടൂര്‍ പ്രകാശ് കണ്ടു.

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായും ഇന്ന് അടൂര്‍ പ്രകാശ് കൂടിക്കാഴ്ച നടത്തിയേക്കും. ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായി എംകെ മുനിര്‍, ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി ജി ദേവരാജന്‍ എന്നിവരുടെ നിയമനത്തിന് പിന്നാലെയാണ് അടൂര്‍ പ്രകാശ് മുഖ്യമന്ത്രിക്കെതിരെ പരസ്യമായി രംഗത്തു വന്നത്. പ്രധാനപ്പെട്ട സര്‍ക്കാര്‍ തീരുമാനങ്ങള്‍ പലതും മുന്നണി കണ്‍വീനറായ താന്‍ ‘മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്’ എന്നും അടൂര്‍ പ്രകാശ് തുറന്നടിച്ചിരുന്നു. യുഡിഎഫ് ഏകോപന സമിതി യോഗങ്ങള്‍ കൃത്യമായി വിളിച്ചുചേര്‍ക്കാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുത്തിട്ടില്ലെന്നും ആരോപിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *