ടൂവീലർ ഉപയോഗത്തെച്ചൊല്ലി തർക്കം; സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ
കൊല്ലം: ടൂവീലർ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സുഹൃത്തിനെ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയെ ചവറ പോലീസ് അറസ്റ്റ് ചെയ്തു. ചവറ കുറുവിലക്കാട് സ്വദേശിയായ കാരി എന്ന ശിവരാജ് (39) ആണ് പിടിയിലായത്. ഇയാളുടെ സുഹൃത്തും കുറുവിലക്കാട് സ്വദേശിയുമായ മുഹമ്മദ് ബിലാലിനെ ആണ് ഇയാൾ കുത്തി കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രി 11.30 മണിയോടെ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടയിൽ മുഹമ്മദ് ബിലാലും ശിവരാജും തമ്മിൽ ടൂവീലർ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടാവുകയും പ്രകോപിതനായ ശിവരാജ് കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് ബിലാലിനെ കുത്തുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ബിലാലിനെ ആദ്യം നീണ്ടകര താലൂക്ക് ആശുപത്രിയിലും തുടർന്ന് കൊല്ലം ജില്ലാ ആശുപത്രിയിലും എത്തിച്ച് ചികിത്സ നൽകിയെങ്കിലും ഞായറാഴ്ച പുലർച്ചയോടെ മരിച്ചു. വിവരം അറിഞ്ഞ ഉടൻ സ്ഥലത്ത് എത്തിയ ചവറ പോലീസ് പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുകയായിരുന്നു. കരുനാഗപ്പള്ളി എ.സി.പി വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം ചവറ സർക്കിൾ ഇൻസ്പെക്ടർ ശിവലാലിന്റെ നേതൃത്വത്തിൽ ചവറ എസ്.എച്ച്.ഓ സിജോ, എ.എസ്.ഐ രാജീവ് കുമാർ, എസ്.സി.പി.ഓ ശ്രീരാജ്, സി.പി.ഓ മാരായ ബൈജു, അരുൺഘോഷ് എന്നിവരും ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
