അരവണയില്‍ അടി : മണ്ഡലകാലം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടത്താന്‍ ശ്രമം
തിരുവനന്തപുരം: ശബരിമല മണ്ഡല – മകര വിളക്ക് ഉത്സവത്തിന്റെ നടത്തിപ്പും നിയന്ത്രണവും നേരിട്ട് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ശ്രമം. ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തന പരാജയം ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ നിന്നും പ്രത്യേക അനുമതി തേടാന്‍ നീക്കം. ദേവസ്വം ബോര്‍ഡിന് മുകളില്‍ പ്രത്യേക സമിതിയെ നിയോഗിക്കാനാണ് ധാരണ. ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് നീക്കം. തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 54 ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഈ ഘട്ടത്തില്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ട് പുതിയ ബോര്‍ഡിനെ നിയോഗിക്കാനാകില്ല. ഓര്‍ഡിനന്‍സ് ഇറക്കി പുതിയ ബോര്‍ഡ് രൂപീകരിച്ചാലും മണ്ഡലകാല പ്രവര്‍ത്തനങ്ങളെ ബാധിക്കും. സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ ഇപ്പോഴത്തെ ബോര്‍ഡുമായ യോജിച്ച് മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. ഇതിനിടയിലാണ് തിരുവോണ സദ്യ അലങ്കോലമായത്.
വകുപ്പ് മന്ത്രി കെ.മുരളീധരന്റെയും വ്യക്തിപരമായ നിര്‍ദേശം സര്‍ക്കാര്‍ അനുവദിച്ചതോടെയാണ് തിരുവോണ ദിവസം സന്നിധാനത്ത് എത്തുന്നവര്‍ക്ക് ഓണസദ്യ നല്‍കാനുള്ള തീരുമാനം നടപ്പിലായത്. എന്നാല്‍ ദേവസ്വം ബോര്‍ഡ് വേണ്ടത്ര ഗൗരവ്വം നല്‍കുകയോ മുന്‍ കരുതല്‍ എടുക്കുകയോ ചെയ്തിരുന്നില്ല. ഇതോടെയാണ് മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും തമ്മില്‍ ഭിന്നത ആരംഭിക്കുന്നത്. കന്നി മാസത്തെ പൂജയ്ക്കായി നട തുറന്നപ്പോള്‍ അരവണ, അപ്പം ക്ഷാമം നേരിട്ടതോടെ ഭിന്നത രൂക്ഷമായി. ആവശ്യത്തിന് മുന്‍കരുതലെടുക്കാതെ അരവണ, അപ്പം പ്ലാന്റുകളില്‍ അറ്റകുറ്റ പണികള്‍ ആരംഭിച്ചതാണ് തിരിച്ചടിയായത്. ഇതോ ഭക്തര്‍ക്ക് ആവശ്യമായ പ്രസാദം നല്‍കുന്നതിന് തടസം നേരിട്ടു. ഇത് ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടിയാണ് ഉത്സവ നടത്തിപ്പിന്റെ ചുമതല നേരിട്ടേറ്റെടുക്കാന്‍ ആലോചിക്കുന്നത്.ഇന്നലെ നിയമ വിദഗ്ദ്ധരുമായി ചര്‍ച്ച ചെയ്ത മന്ത്രി, അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും തേടിയിട്ടുണ്ട്.
അരവണ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുന്ന ജോലികളാണ് ഇപ്പോഴത്തെ പ്രതിസന്ധിയിലെ മറ്റൊരു നിര്‍ണായക ഘടകം. 21 വാര്പ്പുകള് ഇളക്കി മാറ്റിയശേഷം തറ നിര്‍മാണം നടക്കുകയാണ്. തുടര്‍ന്ന് വായു കടക്കാത്ത മേല്‍ക്കൂര നിര്‍മിക്കണം. അതിനുശേഷം 26 വാര്‍പ്പുകളും അവയെ ബന്ധിപ്പിക്കുന്ന പൈപ്പ് ലൈനുകളും കൂളിംഗ് ചേമ്പറുകളും ബോയിലറുകളും സ്ഥാപിക്കേണ്ടതുണ്ട്. ജോലികള്‍ പൂര്‍ത്തിയാകാന്‍ ഒരു മാസത്തിലധികം വേണ്ടിവരുമെന്നാണ് കരാറുകാരുടെ വിലയിരുത്തല്‍. ഇതോടെ തുലാമാസ പൂജയ്ക്കായി നട തുറക്കുമ്പോഴും അരവണ ക്ഷാമം തുടരാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. കഴിഞ്ഞ വര്‍ഷം തുലാമാസത്തില്‍ ആറുലക്ഷം ടിന് അരവണയാണ് വിറ്റത്. ഇത്തവണ ഒന്‍പത് ലക്ഷം ടിന് വരെ ആവശ്യമാകുമെന്നാണ് കണക്ക്. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള സമയം പരിമിതമാണ്.
