വട്ടിയൂര്‍ക്കാവില്‍ ആര്‍ ശ്രീലേഖ, പ്രചാരണത്തിന് നാളെ തുടക്കം

0
SREELEKHA

തിരുവനന്തപുരം: നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് ആര്‍ ശ്രീലേഖ. സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടിലെങ്കിലും വട്ടിയൂര്‍ക്കാവില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനം നാളെ തുടങ്ങുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. ബിജെപി വൈസ് പ്രസിഡന്റും ശാസ്തമംഗലം കൗണ്‍സിലറും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആര്‍ ശ്രീലേഖ ചുവരെഴുതിയാണ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നത്. നര്‍മ്മദ കോപ്ലക്സിന് സമീപം നാളെ രാവിലെ 10.30 നാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ സോമന്‍, തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍, സമൂഹത്തിന്റെ വിവിധ തലങ്ങളെ പ്രതിനിധീകരിക്കുന്നവരും പരിപാടിയുടെ ഭാഗമാകും.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശഭരണ തെരഞ്ഞെടുപ്പിലും ബിജെപി ഒന്നാം സ്ഥാനത്ത് എത്തിയ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്ത് രീതിയില്‍ ചുവരെഴുതി പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. തൃശൂരില്‍ പത്മജ വേണുഗോപാലും സമാനമായ രീതിയില്‍ ചുവരെഴുതി ബിജെപിയുടെ പ്രചാരണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇവരും ഇതേ മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ നേരത്തെ സന്നദ്ധത അറിയിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴാണ് സമാനമായ രീതിയില്‍ വട്ടിയൂര്‍ക്കാവിലും പ്രചാരണ പരിപാടികള്‍ ആരംഭിക്കുന്നത്.

കഴക്കൂട്ടത്ത് വി മുരളീധരനും, പാലക്കാട് ശോഭാ സുരേന്ദ്രനും ബിജെപി സ്ഥാനാര്‍ഥിയാകുമെന്നാണ് വിലയിരുത്തല്‍. ഇതുവരും മണ്ഡലങ്ങളില്‍ സജീവമാകുകയും ചെയ്യുന്നുണ്ട്. പാലക്കാട് മണ്ഡലത്തില്‍ ആര്‍എസ്എസ് നേതാക്കളുമായി ശോഭ സുരേന്ദ്രന്‍ ഇന്ന് കൂടിക്കാഴ്ചയും നടത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *