കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറി : മുഖ്യമന്ത്രി

0
SUMIT

കൊച്ചി: വ്യവസായ സൗഹൃദ സംസ്ഥാനം എന്നതിനുമപ്പുറം നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദാവോസില്‍ നടന്ന വ്യവാസായിക ഉച്ചകോടിയില്‍ 1,18,000 കോടി രൂപയുടെ നിക്ഷേപവാഗ്ദാനം കേരളത്തിനു ലഭിച്ചത് ഇവിടം വ്യവസായരംഗത്ത് ലോകശ്രദ്ധ ആകര്‍ഷിക്കുന്നതിന്റെ തെളിവാണ്. നമ്മുടെ ഒരുമയും പശ്ചാത്തല സൗകര്യവികസനവും പ്രകൃതിരമണീയതയും ഒരുപോലെ വ്യവസായികളെ ആകര്‍ഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കളമശ്ശേരി കിന്‍ഫ്ര ഹൈ-ടെക് പാര്‍ക്കില്‍ ഫോര്‍സ വെയര്‍ഹൗസിംഗിനു കീഴിലുള്ള ഡ്രൈവര്‍ ലോജിസ്റ്റിക്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതാനും ദിവസം മുന്‍പ് ആന്ധ്രപ്രദേശിലുള്ള വന്‍കിട ഗ്രൂപ്പ് കേരളത്തിലെത്തുകയും മൂന്നര ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. ഇത്തരമൊരു സംരംഭം കേരളത്തില്‍ തുടങ്ങാന്‍ താല്‍പര്യപ്പെടുന്നതിന്റെ കാരണമെന്താണെന്ന് ചോദിച്ചപ്പോള്‍ ഇതുപോലെ സമാധാനമുള്ള സ്ഥലം വേറേയില്ലെന്നാണ് അവര്‍ മറുപടി നല്‍കിയതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിമാനത്താവളവും മെട്രോ റെയിലും വാട്ടര്‍ മെട്രോയും കെമിക്കല്‍ പാര്‍ക്കും ഇന്‍ഫോ പാര്‍ക്കും എല്ലാം ചേര്‍ന്നുള്ള കൊച്ചിയുടെ വികസനത്തിന് ഇണങ്ങുന്നതാണ് ഇപ്പോള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്ന വെയര്‍ഹൗസിംഗ് സംരംഭം. ഇത്തരത്തില്‍ ഓരോ വികസനത്തിനും അനുയോജ്യമായ അനുബന്ധ വികസനസംരംഭങ്ങളുമായി ലോകോത്തര കമ്പനികള്‍ കേരളത്തിലേക്ക് എത്തുകയാണ്. ഇത്തരത്തില്‍ വികസനം വരുമ്പോള്‍ നാടിന്റെ ഭാഗമായ എല്ലാവര്‍ക്കും അതിന്റെ സന്തോഷമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. പി.വി. അബ്ദുല്‍ വഹാബ് എം.പി, കളമശ്ശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, കിന്‍ഫ്ര എം.ഡി സന്തോഷ് കോശി തോമസ്, ഡ്രൈവര്‍ ലോജിസ്റ്റിക്‌സ് ചെയര്‍മാന്‍ ആഷിക് കൈനിക്കര, മുഹമ്മദ് ഷിയാസ്, പി.കെ.കൃഷ്ണദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

കളമശ്ശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ 2020ലാണ് ഫോര്‍സ വെയര്‍ഹൗസിംഗിന് വെയര്‍ഹൗസും ലോജിസ്റ്റിക്സ് സൗകര്യങ്ങളും സ്ഥാപിക്കുന്നതിനായി 5.31 ഏക്കര്‍ ഭൂമി അനുവദിച്ചത്. ഇവിടെ രണ്ട് ലക്ഷത്തോളം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ അത്യാധുനികരീതിയിലുള്ള വെയര്‍ഹൗസ് സൗകര്യമാണ് 20.8 കോടി രൂപയുടെ നിക്ഷേപത്തില്‍ കമ്പനി സജ്ജമാക്കിയിട്ടുള്ളത്. വെയര്‍ഹൗസിംഗ് ഓപ്പറേഷനുകള്‍, ചരക്കുനീക്കം, വിതരണ ശൃംഖലാ സേവനങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായി പ്രത്യക്ഷവും പരോക്ഷവുമായ 250ല്‍പരം തൊഴിലവസരങ്ങളാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *