സജി ചെറിയാന് പറഞ്ഞത് കറക്ട് : വെള്ളാപ്പള്ളി

ആലപ്പുഴ: സജി ചെറിയാന് നടത്തിയ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ചത് തെറ്റാണെന്നും സത്യം പറഞ്ഞതിന് എന്തിനാണ് ഖേദം പ്രകടിപ്പിക്കുന്നതെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. വോട്ട് മുന്നില്‍ കണ്ടാണ് സജി ചെറിയാന് ഖേദപ്രകടനം നടത്തിയതെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. എസ്എന്‍ഡിപി നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
സജി ചെറിയാന് ഖേദം പ്രകടിപ്പിച്ചത് തെറ്റായിപ്പോയി. രാഷ്ട്രീയക്കാരനായതുകൊണ്ടാണ് അദ്ദേഹം ഖേദം പ്രകടിപ്പിച്ചത്. ഹൃദയത്തില്‍ തട്ടി സത്യം പറഞ്ഞതിന് എന്തിനാണ് ഖേദം പ്രകടിപ്പിക്കുന്നത്. വോട്ട് നോക്കിയാണ് സജി ചെറിയാന് അത് ചെയ്തത്. എനിക്ക് ആരുടെയും വോട്ട് വേണ്ട. അക്കാര്യത്തില്‍ സജി ചെറിയാന്റെ നിലപാട് കറക്ട് ആയിരുന്നു- വെള്ളാപ്പള്ളി പറഞ്ഞു.
കാസര്‍കോടും മലപ്പുറത്തും ജയിച്ചവരെ നോക്കിയാല്‍ വര്‍ഗീയ ധ്രൂവീകരണം അറിയാമെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. തന്റെ വിവാദ പ്രസ്താവനയില്‍ സജി ചെറിയാന് ഖേദവും പ്രകടിപ്പിക്കുകയും പ്രസ്താവന പിന്‍വലിക്കുകയും ചെയ്തിരുന്നു. താന്‍ പറഞ്ഞത് വളച്ചൊടിച്ചെന്നും അത് തന്നെ വല്ലാതെ വേദനിപ്പിച്ചെന്നും തന്റെ മതനിരപേക്ഷ നിലപാടിനെ വ്രണപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ പ്രചാരണമെന്നും പ്രസ്താവന പിന്‍വലിക്കുന്നുവെന്നും സജി ചെറിയാന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
