കായംകുളത്ത് ശോഭ സുരേന്ദ്രനും, വി.എസ്. അരുൺ കുമാറിനും സാധ്യത
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാറിനെ മത്സരിപ്പിക്കാൻ സി.പി.എം. ആലോചിക്കുന്നു. ആലപ്പുഴയിലെ കായംകുളത്തോ വി.എസ്. പ്രതിനിധാനം ചെയ്ത പാലക്കാട് ജില്ലയിലെ മലമ്പുഴയിലോ മത്സരിപ്പിക്കാനാണ് ആലോചന. വി.എസിന്, പാർട്ടിക്കുപരി ഉണ്ടായിരുന്ന ജനപിന്തുണഅനുകൂലമാകുമെന്നാണ് വിലയിരുത്തൽ ഐ.എച്ച്.ആർ.ഡി. അസിസ്റ്റന്റ് ഡയറക്ടറാണ് അരുൺകുമാർ. ഡയറക്ടറുടെ താത്കാലിക ചുമതലയുമുണ്ട്. ഉയർന്ന പദവിയായതിനാൽ രാജിവെച്ചേ മത്സരിക്കാനാകൂ. സജീവ രാഷ്ട്രീയപ്രവർത്തനവും പാർട്ടി നിർദേശിക്കുന്നുണ്ട്. യു. പ്രതിഭ അവിടെ രണ്ടുതവണ എം.എൽ.എ.യായതിനാൽ ഇളവുനൽകിയാലേ ഇനി മത്സരിക്കാനാകൂ.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ കാട്ടിയ കരുത്ത് നിയമസഭാ തിരഞ്ഞെടുപ്പിലും നിലനിർത്താൻ ബിജെപിയും ഘടകകക്ഷികളും ചേർന്ന് ശ്രമങ്ങൾ ഊർജിതമാക്കി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രൻ നേടിയ 2,95,841 വോട്ട് പാർട്ടിയുടെ ഏറ്റവും നല്ല പ്രകടനമാണ്. 2019ൽ ഡോ.കെ.എസ്.രാധാകൃഷ്ണൻ 1,87,729 വോട്ടും നേടി. ജില്ലയിൽ എൻഡിഎ പ്രതീക്ഷ വയ്ക്കുന്ന നിയമസഭാ സീറ്റുകളിൽ പ്രമുഖ നേതാക്കൾ മത്സരിച്ചേക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രൻ രണ്ടാം സ്ഥാനത്തെത്തിയ കായംകുളം അതിൽ പ്രധാനമാണ്. അവിടെ ശോഭ തന്നെ മത്സരിക്കാനുള്ള സാധ്യത ബിജെപി നേതാക്കൾ തള്ളുന്നില്ല. ആലപ്പുഴ ജില്ലക്ക് പ്രത്യേക പരിഗണന നൽകുന്ന കേന്ദ്ര പദ്ധതികളിലൂടെ ജനവിശ്വാസമാർജിക്കുക, അതു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്രയോജനപ്പെടുത്തുക– ഇതാണു ബിജെപി പദ്ധതി. കുട്ടനാട്ടിലെ പ്രശ്നങ്ങൾ നേരിട്ടറിയാൻ നേരത്തെ പാർട്ടി നേതാക്കൾ ഉൾപ്പെട്ട സംഘം എത്തിയിരുന്നു.
