യുവാവിനെ കൊല്ലാൻ തോക്ക് സംഘടിപ്പിച്ച് നൽകിയത് ഭാര്യ തന്നെ; കാമുകൻ സ്റ്റേഷനിൽ കീഴടങ്ങി

ആഗ്ര: ഉത്തർപ്രദേശിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ തോക്ക് സംഘടിപ്പിച്ച് നൽകിയത് കൊല്ലപ്പെട്ടയാളുടെ ഭാര്യ തന്നെയെന്ന് പോലീസ് കണ്ടെത്തി. അലിഗഡ് ജില്ലയിലെ ബർല ടൗണിലായിരുന്നു സംഭവം നടന്നത്. സുരേഷ് കുമാർ (38) എന്നയാൾ തന്റെ വീടിന് മുന്നിൽ ഇരിക്കുമ്പോഴാണ് രാവിലെ പത്ത് മണിയോടെ എത്തിയ യുവാവ് നിറയൊഴിച്ചത്. ഇയാൾ പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു.
നോയിഡയിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന സുരേഷ് കുമാർ നാല് ദിവസം മുമ്പാണ് വീട്ടിലെത്തിയത്. വെടിയൊച്ച കേട്ട് സുരേഷിന്റെ ജ്യേഷ്ഠൻ വിജയ് വീടിന് പുറത്തേക്ക് ഓടിയിറങ്ങിവന്നു. ഇതോടെ അയാൾക്ക് നേരെയും പ്രതി വെടിവെച്ചു. എന്നാൽ വെടിയുണ്ട ശരീരത്തിൽ തറയ്ക്കാതെ രക്ഷപ്പെട്ടു. പലചരക്ക് കടയുടമയായ പ്രതി മനോജ് കുമാർ (35) ആണ് വീട്ടിലെത്തി വെടിവെച്ചത്.
സുരേഷ് കുമാറിനെ വെടിവെച്ച് കൊന്നതിന് ശേഷം, പ്രതി മനോജ് കുമാർ നേരെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങി. ഇയാളിൽ നിന്ന് ലഭിച്ച വിവരപ്രകാരം പൊലീസ് സംഭവസ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്ക് അയച്ചു. മരിച്ച സുരേഷിന്റെ ഭാര്യ ബീന ദേവിയെ (35) പൊലീസ് അറസ്റ്റ് ചെയ്തു. യുവാവ് വെടിയുതിർത്ത തോക്ക് എവിടെ നിന്ന് ലഭിച്ചുവെന്ന് കണ്ടെത്താൻ പൊലീസ് ഇവരെ ചോദ്യം ചെയ്യുകയാണ്.
കൊല്ലപ്പെട്ടയാളും പ്രതിയും ഒരേ ഗ്രാമത്തിൽ താമസിച്ചിരുന്നവരാണെന്നും പ്രതിക്ക് കൊല്ലപ്പെട്ടയാളുടെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നുവെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ഇതിനെച്ചൊല്ലി ഭാര്യയും ഭർത്താവും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതാണ് ഭർത്താവിനെ കൊല്ലാൻ ഭാര്യ കാമുകന് തോക്ക് സംഘടിപ്പ് നൽകിയതിൽ എത്തിയതെന്നും പൊലീസ് പറഞ്ഞു. ബി.എൻ.എസ്. സെക്ഷൻ 103 പ്രകാരം കൊലപാതകം കുറ്റം ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.