ഗംഗാനദിയിൽ യുവാവ് മുങ്ങിമരിച്ചു

ഗംഗാനദിയിൽ സുരക്ഷാ റെയിലിംഗ് മുറിച്ചുകടന്ന യുവാവ് മുങ്ങിമരിച്ചു. ഹരിദ്വാറിൽ നടന്ന സംഭവത്തിൽ മരണപ്പെട്ട വ്യക്തിയോടൊപ്പം ഉണ്ടായിരുന്നവർ അദ്ദേഹത്തെ രക്ഷപ്പെടുത്താൻ ശ്രമം നടത്താതെ അപകടം സംഭവിച്ചിട്ടും റീൽ ചിത്രീകരണം തുടരുകയായിരുന്നു എന്ന ആരോപണവും ശക്തമാവുകയാണ് .
ഹരിദ്വാറിലെ ഗോവിന്ദ്പുരി ഘട്ടിൽ ഞായറാഴ്ചയാണ് ഇത്തരത്തിലൊരു ദുരന്തം സംഭവിച്ചത്. ഉത്തർപ്രദേശിലെ സഹാറൻപൂർ സ്വദേശിയായ വികാസ് എന്ന 40 -കാരനാണ് ഗംഗാനദിയിൽ മുങ്ങി മരിച്ചത്. സുഹൃത്തുക്കളോടൊപ്പം തീർഥാടനത്തിനായി എത്തിയതായിരുന്നു യുവാവ് . ഗംഗാനദിയിൽ പുണ്യസ്നാനം നടത്തുന്നതിനായി വികാസ് നദിയിലേക്ക് ഇറങ്ങിയപ്പോഴാണ് അബദ്ധത്തിൽ സുരക്ഷാവേലി മുറിച്ചു കടന്ന് ആഴമുള്ള വെള്ളത്തിലേക്ക് വീണ് മരണപ്പെട്ടത്.