ഓരോ സ്ത്രീയ്ക്കും പ്രതിമാസം 2100 രൂപ, പ്രകടനപത്രിക പുറത്തിറക്കി AAP
ന്യൂഡൽഹി:മഹാരാഷ്ട്ര നിയമസഭാതെരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർമാരെ ഏറ്റവും സ്വാധീനിക്കുകയും മഹായുതിയെ വിജയത്തിലേയ്ക്ക് നയിക്കുകയും ചെയ്ത ‘ലഡ്കി ബഹാൻ യോജന’ വഴിയുള്ള സാമ്പത്തിക സഹായം അധികാരം നിലനിർത്താൻ ഡൽഹിയിൽ പരീക്ഷിക്കാൻ ഒരുങ്ങി അരവിന്ദ് കെജ്‌രിവാൾ. ഭരണം നിലനിറുത്താൻ നിയമ സഭ തെരഞ്ഞെടുപ്പിൽ പതിനഞ്ചിന പ്രകടനപത്രിക പുറത്തിറക്കി ആം ആദ്മി പാർട്ടി. വിവിധ ഘട്ടങ്ങളിലായി നേരത്തേയിറക്കിയ വാഗ്ദാനങ്ങൾ പ്രകടനപത്രികയായി ഒന്നിച്ചു പ്രഖ്യാപിക്കുകയായിരുന്നു.
ഓരോ സ്ത്രീക്കും പ്രതിമാസം 2100 രൂപ, മുതിർന്നപൗരർക്ക് സൗജന്യ വൈദ്യസേവനം, വിദ്യാർഥികൾക്ക് ബസിൽ സൗജന്യയാത്രയും മെട്രോ തീവണ്ടികളിൽ പകുതിനിരക്കും, പൂജാരിമാർക്കും സിഖ് പുരോഹിതർക്കും മാസം 18,000 രൂപ, ഓട്ടോ-ടാക്സി-റിക്ഷാ ഡ്രൈവർമാർക്ക് 10 ലക്ഷം രൂപയുടെ ഇൻഷുറൻസും പെൺകുട്ടികളുടെ വിവാഹത്തിന് ഒരുലക്ഷം രൂപയുടെ സഹായധനവും, തൊഴിലില്ലായ്മയ്ക്ക് പരിഹാരം എന്നിങ്ങനെയാണ് വാഗ്ദാനങ്ങൾ. നിശ്ചിതപരിധിവരെ വൈദ്യുതിയും വെള്ളവും സൗജന്യമായി നൽകുന്നതടക്കം നിലവിലുള്ള ആനുകൂല്യങ്ങൾ തുടരുമെന്നും കെജ്‌രിവാൾ പ്രഖ്യാപിച്ചു.
ബി.ജെ.പി. അധികാരത്തിലെത്തിയാൽ ആനുകൂല്യങ്ങൾ റദ്ദാക്കുമെന്ന് ആരോപിച്ച അദ്ദേഹം, ഓരോ കുടുംബത്തിനും മാസം 25,000 രൂപ കൂടുതൽ ചെലവാക്കേണ്ടിവരുമെന്ന് മുന്നറിയിപ്പും നൽകി.