അബിൻ വർക്കിക്ക് പരുക്ക്, തലസ്ഥാനം യുദ്ധക്കളം; യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം
തിരുവനന്തപുരം∙ പി.വി.അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേടുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. ജലപീരങ്കി പ്രയോഗിച്ചു. നിലത്തുവീണ പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ടു തല്ലി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിക്ക് തലയ്ക്ക് പരുക്കേറ്റു.
പൊലീസ് ഏഴ് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. ജില്ലാ പ്രസിഡന്റ് നേമം ഷജീറിന്റെ കണ്ണിനു പരുക്കേറ്റു. ഡിവൈഎഫ്ഐക്കാരനായ എസ്ഐയാണ് പ്രശ്നമുണ്ടാക്കിയതെന്ന് അബിന് വർക്കി പറഞ്ഞു. സമരം നടക്കുന്നതിനു മണിക്കൂറുകൾക്ക് മുൻപ്, യൂത്ത് കോൺഗ്രസുകാർക്ക് മർദനമേൽക്കുമെന്ന് പി.വി.അൻവർ എംഎൽഎ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടിരുന്നതായി യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഡിവൈഎഫ്ഐ, സിപിഎം നേതാക്കളുടെ നിർദേശം അനുസരിച്ചാണ് പൊലീസ് പ്രവർത്തിച്ചതെന്നും നേതാക്കൾ പറഞ്ഞു. കന്റോൺമെന്റ് സിഐ ഉൾപ്പെടെയുള്ള പൊലീസുകാർക്കും സംഘർഷത്തിൽ പരുക്കേറ്റു.