പേരുള്ളവരെ കല്ലെറിയുന്നു- ഗണേഷ് കുമാർ ;പി.കെ ശശിയെപ്പോലെ സ്നേഹനിധിയായ മറ്റൊരാളെ കണ്ടിട്ടില്ല
പാലക്കാട്: സി.പി.എം നേതാവ് പി.കെ ശശിയെ പുകഴ്ത്തി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. അദ്ദേഹത്തെപ്പോലെ സത്യസന്ധനും സ്നേഹനിധിയുമായ ഒരു മനുഷ്യനെ താൻ കണ്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ശശി ചെയർമാനായ മണ്ണാർക്കാട് യൂണിവേഴ്സൽ കോളജ് വാർഷികത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയം നോക്കാതെ ആരെയും സഹായിക്കുന്ന വ്യക്തിയാണ് പി.കെ. ശശി. പാലക്കാട് ഭാഗത്ത് എന്ത് പ്രശ്നമുണ്ടായാലും ആദ്യം വിളിക്കുന്നത് ശശിയെയാണ്. അദ്ദേഹം വിചാരിച്ചാല്‍ അഹങ്കാരമില്ലാതെ സ്നേഹത്തിന്റെ ഭാഷയിൽ കാര്യങ്ങൾ പറഞ്ഞ് പരിഹരിക്കാൻ കഴിയും. എം.എൽ.എ ആയിരുന്നപ്പോഴും അല്ലെങ്കിലും രാഷ്ട്രീയം നോക്കാതെ അദ്ദേഹം എല്ലാവരേയും സഹായിക്കും. അതുകൊണ്ട്, തന്റെ മനസ്സിൽ അദ്ദേഹത്തിന് സ്ഥാനമുണ്ട്.
‘ഏതൊരു മനുഷ്യനും നന്മ ചെയ്യാന്‍ തുടങ്ങിയാല്‍ അവനെ വേറെ കേസില്‍ പെടുത്താന്‍ നോക്കും. പേരെടുത്തവന്റെ മേല്‍ കല്ലെറിഞ്ഞാലേ ആരെങ്കിലും എറിഞ്ഞുവെന്ന് അറിയൂ. പി.കെ ശശിയെ കരിവാരിത്തേക്കാന്‍ നടത്തുന്ന ചില ശ്രമങ്ങളില്‍ സത്യമില്ല. സത്യമേവ ജയതേ എന്ന് മുദ്രാവാക്യമുള്ള ഒരു രാജ്യത്താണ് നാം ജീവിക്കുന്നത്. ഇവിടെ, കള്ളം പറയുകയും അസത്യം പ്രവര്‍ത്തിക്കുകയും ചെയ്താല്‍ നമ്മള് മിടുക്കരാണെന്ന് പറയും. എന്നാല്‍ അത് താത്ക്കാലികം മാത്രമാണ്’, കെ. ബി ഗണേഷ് കുമാർ പറഞ്ഞു.