അശ്ലീല വിഡിയോ കണ്ടതിനു പിന്നാലെ 13കാരൻ ഉറങ്ങിക്കിടന്ന സഹോദരിയെ പീഡിപ്പിച്ച് കൊന്നു
റേവ : മൊബൈലിൽ അശ്ലീല വിഡിയോ കണ്ടതിനു പിന്നാലെ ഉറങ്ങിക്കിടന്ന സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി പതിമൂന്നുകാരൻ. മധ്യപ്രദേശിലെ റേവയിൽ ഏപ്രിൽ 24നാണ് സംഭവം. ഒൻപതുകാരിയായ പെൺകുട്ടിയുടെ മരണത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് സഹോദരനെയും കൃത്യം മറയ്ക്കാൻ കൂട്ടുനിന്ന അമ്മയെയും പതിനേഴും പതിനെട്ടും വയസ്സുള്ള രണ്ടു സഹോദരിമാരെയും അറസ്റ്റ് ചെയ്തു. കേസിൽ അൻപതുപേരെയാണ് പൊലീസ് ചോദ്യം ചെയ്തത്. ഇവരുടെ മൊഴികളുടെയും സാങ്കേതിക തെളിവുകളുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിൽ മൂന്നുമാസങ്ങൾക്കു ശേഷം പ്രതികൾ പിടിയിലാകുകയായിരുന്നു.
പൊലീസ് പറയുന്നത് ഇങ്ങനെ: മധ്യപ്രദേശിലെ ജാവ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഏപ്രിൽ 24നാണ് ഒൻപതു വയസ്സുള്ള പെൺകുട്ടി പീഡനത്തിന് ഇരയായി കഴുത്തു ഞെരിച്ച് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീടിന്റെ വരാന്തയിൽനിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവ സമയം പെൺകുട്ടി ഇവിടെകിടന്നാണ് ഉറങ്ങിയിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിക്കൊപ്പം കിടന്നിരുന്ന സഹോദരനാണ് കുറ്റവാളി എന്ന് കണ്ടെത്തിയത്. മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കണ്ടുകൊണ്ടിരുന്ന സഹോദരൻ തൊട്ടടുത്ത് കിടന്നിരുന്ന സഹോദരിയെ പീഡിപ്പിക്കുകയായിരുന്നു. പിതാവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയതോടെ സഹോദരൻ അവളുടെ കഴുത്തു ഞെരിച്ചു. തുടർന്ന് അടുത്ത മുറിയിൽ കിടന്നിരുന്ന അമ്മയോടെ കുറ്റസമ്മതം നടത്തുകയും തന്നെ രക്ഷപ്പെടുത്തണമെന്ന് അപേക്ഷിക്കുകയും ചെയ്തു. അമ്മ വന്നു നോക്കിയപ്പോൾ പെൺകുട്ടി ജീവനോടെയുണ്ടായിരുന്നു. ഇതു കണ്ടതോടെ സഹോദരൻ വീണ്ടും കഴുത്തു ഞെരിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. ഈ സമയം ഉറക്കമെഴുന്നേറ്റ മൂത്ത സഹോദരിമാർ പൊലീസ് എത്തുന്നതിനു മുൻപ് കൊലപാതകം മറയ്ക്കാനുള്ള ശ്രമങ്ങൾ നടത്തി. എന്നാൽ ചോദ്യം ചെയ്യലിൽ ഇവർ കുറ്റസമ്മതം നടത്തി.
വീടിന്റെ വരാന്തയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയെന്ന വിവരത്തെ തുടർന്നാണ് പൊലീസ് അന്വേഷണത്തിനായി എത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നാണ് പീഡനത്തിന്റെയും കൊലപാതകത്തിന്റെയും സൂചനകൾ ലഭിച്ചത്. ഏതോ വിഷപ്രാണിയുടെ കടിയേറ്റാണ് പെൺകുട്ടി മരിച്ചതെന്നാണ് വീട്ടുകാർ പൊലീസിനോട് പറഞ്ഞത്. വീടിനുള്ളിലേക്ക് പുറത്തുനിന്നാരും പ്രവേശിച്ചതിന്റെ സൂചന ലഭിക്കാതെ വന്നതോടെയാണ് സംശയം വീട്ടുകാരിലേക്ക് നീണ്ടതെന്നും പൊലീസ് അറിയിച്ചു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലുകളിൽ വീട്ടുകാരുടെ മൊഴികളിൽ വൈരുധ്യം ശ്രദ്ധയിൽപ്പെട്ടതോടെ കൂടുതൽ ശക്തമായി ചോദ്യം ചെയ്യുകയും കൊലപാതകിയെ കണ്ടെത്തുകയുമായിരുന്നു.