സഞ്ജു ടെക്കിയുടെ സുഹൃത്തുക്കളും കുടുങ്ങും: കേസ് കോടതിയിലേക്ക്
ആലപ്പുഴ: കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ നിർമ്മിച്ച സംഭവത്തിൽ പ്രമുഖ യൂട്യൂബർ സഞ്ജു ടെക്കി കൂടുതൽ നിയമ കുരുക്കിലേക്ക്. ആർടിഒ സഞ്ജുവിനെതിരെ എടുത്ത കേസ് ആലപ്പുഴ കോടതിലേക്ക് ഇന്ന് കൈമാറും. ഇതോടെ തുടർ പ്രോസീക്യൂഷൻ നടപടികൾ കോടതിയായിരിക്കും എടുക്കുന്നത്. ഹൈക്കോടതിയുടെ നിർദേശം അനുസരിച്ചാണ് ഈ നടപടി. കൂടെ യാത്ര ചെയ്ത സുഹൃത്തുക്കൾക്കും ഇതേ നടപടിയാണ്. ആർടിഒയേയും മാധ്യമങ്ങളെയും പരിഹസിച്ചു കഴിഞ്ഞ ദിവസം സഞ്ജു പുതിയ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. തുടർന്നു ഹൈക്കോടതി വിഷയത്തിൽ സ്വമേധയാ ഇടപെടുകയായിരുന്നു.
സംഭവത്തിൽ നേരിട്ട് ഹൈക്കോടതി ഇടപെടൽ നടത്തി. സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. ചട്ടവിരുദ്ധമായി വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്ന വ്ലോഗർമാർ ഉൾപ്പടെയുള്ളവർക്ക് എതിരെ നടപടിയെടുക്കണം. സഞ്ജു ടെക്കിയുടെ കാര്യത്തിൽ എടുത്ത നടപടികൾ മോട്ടോർ വാഹനവകുപ്പ് അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യം ഉന്നയിച്ചു.
അടുത്ത വെള്ളിയാഴ്ച മോട്ടോർ വാഹനവകുപ്പിന്റെ റിപ്പോർട്ട് പരിഗണിക്കും. മാധ്യമ വാർത്തകളുടെ പേരിലാണ് ജസ്റ്റീസ് അനിൽ കെ നരേന്ദ്രൻ, പിബി അജിത് കുമാർ, അനിൽ കെ നരേന്ദ്രൻ, ഹരിശങ്കർ വി മേനോൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സംഭവം പരിഗണിച്ചത്. മോട്ടോർ വാഹന ചട്ടം ലംഘിക്കുന്ന വ്ളോഗർമാർക്കെതിരെ പ്രോസിക്യൂഷൻ കർശന നടപടി സ്വീകരിക്കാമെന്നും കോടതി സർക്കാരിനെ അറിയിച്ചു