കാലവര്‍ഷം വെള്ളിയാഴ്ച എത്തും: ഇത്തവണ മഴ കനക്കുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വെള്ളിയാഴ്ചയോടെ എത്തിയേക്കുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഇത്തവണ കാലവര്‍ഷം സാധാരണയെക്കാള്‍ കൂടുതല്‍ ലഭിക്കാനാണ് സാധ്യയതയെന്നും ജൂണ്‍ മാസത്തിലും കേരളത്തില്‍ സാധാരണ ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം.
റുമാല്‍ ചുഴലിക്കാറ്റ് മണ്‍സൂണിന്റെ വരവിനെ ബാധിച്ചിട്ടില്ല. ഈ ആഴ്ചയ്‌ക്കുള്ളിൽ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം പതിവുപോലെ കേരളത്തില്‍ എത്തും. 31ന് കേരളത്തില്‍ കാലവര്‍ഷം എത്തുമെന്ന് ഏപ്രിലില്‍ തന്നെ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരുന്നു. ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിലൊഴികെ രാജ്യമെങ്ങും മെച്ചപ്പെട്ട മഴ ലഭിക്കും.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട റുമാല്‍ ചുഴലി ബംഗ്ലദേശിലേക്ക് കടന്ന് കഴിഞ്ഞ രാത്രിയോടെ കരതൊട്ടു. കൊല്‍ക്കത്തയില്‍ ഇതിന്റെ സ്വാധീനഫലമായി കനത്ത മഴയാണ് ലഭിക്കുന്നത്.
അതേസമയം, കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്.
ജാഗ്രതയുടെ ഭാഗമായി ഇന്നും നാളെയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ചയും വ്യാഴാഴ്ചയും ഈ മൂന്ന് ജില്ലകള്‍ക്ക് പുറമേ കോട്ടയം, തൃശൂര്‍ ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.