റിമാൽ ചുഴലിക്കാറ്റ്: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ്
തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബികടലിൽ കേരളത്തിന് അകലെ ന്യുനമർദ്ദം രൂപപ്പെട്ടു. ബംഗാൾ ഉൾകടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘റിമാൽ’ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പശ്ചിമ ബംഗാൾ ബംഗ്ലാദേശ് തീരത്ത് റിമാൽ തീവ്ര ചുഴലിക്കാറ്റായി ഞായറാഴ്ചയോടെ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ബംഗാൾ ഉൾക്കടലിലും അറബിക്കടലിലുമുള്ള ന്യൂനമർദങ്ങളെ തുടർന്ന് കടലിൽ ശക്തമായ കാറ്റും മോശം കാലാവസ്ഥയുമാണ്. അതിനാൽ കേരള തീരത്തുനിന്നുള്ള മത്സ്യബന്ധന വിലക്ക് തുടരുകയാണ്.സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളും അതീവ ജാഗ്രതയിലാണ്. സംസ്ഥാനത്ത് മഴയെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ തദ്ദേശസ്വയം ഭരണ വകുപ്പിന്‍റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു.
ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ പാടുള്ളതല്ലായെന്നും മുന്നറിയിപ്പ് ഉണ്ട്.ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.