ഹാഫിസ് സയീദ് കശ്മീരിലേക്ക് 10,000 ഭീകരരെ അയച്ചു: പാകിസ്ഥാന്‍ മതപ്രഭാഷകന്‍

0
HAFIS SAID

ഇസ്ലാമബാദ്: ലഷ്‌കര്‍ ഇ തൊയ്ബ സ്ഥാപകന്‍ ഹാഫിസ് സയീദ് കശ്മീരിലേക്ക് 10,000 ഭീകരരെ അയച്ചിരുന്നുവെന്ന് പാകിസ്ഥാനിലെ മതപ്രഭാഷകന്‍ നസീര്‍ മദ്‌നി. ബഹാവല്‍നഗറില്‍ നടന്ന റാലിക്കിടെയാണ് വെളിപ്പെടുത്തല്‍. ലഷ്‌കര്‍ ഇ തൊയ്ബയുടെ രാഷ്ട്രീയ വിഭാഗമായ പാകിസ്ഥാന്‍ മര്‍കസി മുസ്ലിം ലീഗ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പരാമര്‍ശം. ഹാഫിസ് സയീദ് കാശ്മീരിലേക്ക് ആയിരക്കണക്കിന് ഭീകരരെ അയച്ചുവെന്നും, അതിനായി അദ്ദേഹം വലിയ ത്യാഗം സഹിച്ചിട്ടുണ്ടെന്നും മദ്‌നി പ്രസംഗത്തില്‍ അവകാശപ്പെട്ടു.

പാകിസ്ഥാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ കാശ്മീരിലെ അസ്ഥിരതയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഇന്ത്യ കാലങ്ങളായി ഉന്നയിക്കുന്ന വാദങ്ങള്‍ക്ക് ശക്തി പകരുന്നതാണ് ഈ തുറന്നുപറച്ചില്‍. 2025ലെ പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസിലും ഹാഫിസ് സയീദിനെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പഹല്‍ഗാം ആക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ് ആണെന്നാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.

നേരത്തെയും കാശ്മീരിലെ ഭീകരാക്രമണങ്ങളില്‍ ഹാഫിസ് സയീദിനും പാകിസ്ഥാന്‍ പിന്തുണയ്ക്കുന്ന ഭീകര സംഘടനകള്‍ക്കുമുള്ള പങ്ക് ഇന്ത്യ അന്താരാഷ്ട്ര തലത്തില്‍ പലതവണ തെളിവുകള്‍ സഹിതം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2008ലെ മുംബൈ ഭീകരാക്രമണക്കേസിലും സയീദിന് പങ്കുള്ളതായി കണ്ടെത്തിയിരുന്നു. പുതിയ സംഭവവികാസങ്ങള്‍ ഈ വിഷയത്തിലെ അന്താരാഷ്ട്ര തലത്തിലുള്ള ചര്‍ച്ചകളെ കൂടുതല്‍ സജീവമാക്കിയിരിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *