പരീക്ഷണം വിജയകരം : വന്ദേഭാരത് ,ജമ്മുകാശ്മീരിലും
ശ്രീനഗർ: ലോകത്തിലെ തന്നെ ഏറ്റവും ഉയരംകൂടിയ റെയില്‍ പാളത്തിലൂടെ വിജയകരമായി പരീക്ഷണ ഓട്ടം പൂർത്തിയാക്കി വന്ദേഭാരത്. കത്രയിൽ നിന്ന് ശ്രീനഗറിലേക്കുള്ള പരീക്ഷണ ഓട്ടമാണ് വന്ദേഭാരത് വിജയകരമായി പൂര്‍ത്തിയാക്കിയത്.
ഇന്ന് രാവിലെ 8 മണിക്ക് കത്ര റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് ശ്രീനഗറിലേക്ക് പരീക്ഷണ ഓട്ടം ആരംഭിച്ച വന്ദേ ഭാരത് രാവിലെ 11 മണിയോടെ ശ്രീനഗർ റെയിൽവേ സ്റ്റേഷനിൽ എത്തി. പർവതപാതകളും ദുഷ്‌കരമായ വളവുകളും തിരിവുകളുമുള്ള ജമ്മു ശ്രീനഗര്‍ യാത്രയ്ക്ക് സാധാരണയായി 6 മുതൽ 8 മണിക്കൂർ വരെ എടുക്കും. എന്നാൽ മൂന്ന് മണിക്കൂറിനുള്ളിലാണ് 150 കിലോമീറ്ററിലധികം വരുന്ന ഈ ദൂരം വന്ദേ ഭാരത് താണ്ടിയത്.ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 41,000 കോടി രൂപ ചെലവിലാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലൂടെയാണ് ഈ റെയില്‍ പാത കടന്നു പോകുന്നത്.
ചെനാബ് നദിയിൽ നിന്ന് 1,178 അടി ഉയരത്തിൽ, ഈഫൽ ടവറിനേക്കാൾ ഉയരത്തിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്. പർവതങ്ങള്‍ തുരന്ന് 100 കിലോമീറ്ററിലധികം വരുന്ന തുരങ്കങ്ങളിലൂടെയും റെയില്‍ പാത കടന്നുപോകുന്നുണ്ട്. കശ്‌മീരിലെ സബ്‌സീറോ കാലാവസ്ഥയ്ക്കായി പ്രത്യേകം രൂപകൽപന ചെയ്‌തതാണ് വന്ദേ ഭാരത് റേക്ക് എന്നും അദ്ദേഹം പറഞ്ഞു. മൈനസ് താപനിലയിൽ മരവിക്കുന്നത് തടയാന്‍ ഹീറ്റിങ് പാഡുകൾ ഉൾപ്പെടെയുള്ള പ്രത്യേക സവിശേഷതകൾ ട്രെയിനിലുണ്ട്. ട്രെയിനിന്‍റെ വിൻഡ് ഷീൽഡുകളിൽ പ്രത്യേകം രൂപകൽപന ചെയ്‌ത ആന്‍റി-ഫ്രോസ്റ്റ് സാങ്കേതിക വിദ്യയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കമ്മിഷണർ റെയിൽവേ സേഫ്റ്റി വേഗത നിയന്ത്രണങ്ങൾ 85 കിലോമീറ്ററായി നിശ്ചയിച്ചിരിക്കുന്നതിനാൽ കശ്‌മീരിലേക്ക് മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ഓടാൻ വന്ദേ ഭാരതിന് കഴിയില്ല.