നേതാവിനെ ആക്ഷേപിച്ചു/ കല്യാണിൽ ഭിന്നലിംഗക്കാർ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചു.
മുംബൈ: കല്യാൺ ഈസ്റ്റിൽ,ഇന്നലെ പോളിംഗ് ബൂത്തിൽ (NO :142 ) ഭിന്നലിംഗക്കാരുടെ നേതാവിന് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് നാനൂറോളം ഭിന്നലിംഗക്കാർ (Transgender community )വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.
നട്ടെല്ലിനുണ്ടായ ചില പ്രശ്നങ്ങൾ കാരണം നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന ട്രാൻസ് ജെൻഡർ വിഭാഗത്തിൻ്റെ
നേതാവായ നീതാ കിനീ വന്ന റിക്ഷയ്ക്ക് പോളിങ് ബൂത്ത് കോമ്പൗണ്ടിലേക്ക് പ്രവേശനം പോലീസ് നിഷേധിക്കുകയും ആക്ഷേപിക്കുകയും ചെയ്തതിനെ തുടർന്നാണ് പ്രതിഷേധ പ്രകടനം നടത്തികൊണ്ട് ഇവർ ബഹിഷ്ക്കരണം നടത്തിയത് . തുടർന്ന് ഉന്നത പോലീസ് -നഗരസഭാ ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥരും പ്രശ്‌നത്തിൽ ഇടപ്പെട്ട് ഇവരോട് വോട്ടുചെയ്യാനായി അഭ്യർത്ഥിച്ചു . ഉദ്യോഗസ്ഥർ നിതാകിനിയുടെ വീട്ടിലെത്തി വോട്ടു ചെയ്യാൻ വേണ്ടി അഭ്യർത്ഥിച്ചതിനെ തുടർന്ന് 150 പേർ പോളിങ് ബൂത്തിലെത്തി അവരുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു.
നല്ലോസപ്പാറയിൽ 120ഉം വീരാർ മാനവേൽപാടയിൽ 15 ഭിന്നലിംഗക്കാരും ഇന്നലെ നടന്ന നിയമസഭാതെരഞ്ഞെടുപ്പിൽ വോട്ടു ചെയ്തു.
അതിനിടയിൽ Transgender communityക്ക് പ്രത്യേക സംവരണം അനുവദിക്കാൻ സർക്കാറും ഈ വിഷയം ഏറ്റെടുക്കാൻ രാഷ്ട്രീയ പാർട്ടികൾ മുന്നോട്ടു വരാത്തതിലും പ്രതിഷേധിച്ചു പൂനയിലെ പതിനായിരത്തോളം വരുന്ന ഭിന്നലിംഗക്കാർ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചു. ഭിന്ന ലിംഗക്കാരുടെ നേതാവും ശ്രീകണ്ടി ട്രസ്റ്റിന്റെ സ്ഥാപകയുമായ മാനസി ഗോയിക്കാറിൻ്റെ നേതൃത്തത്തിലാണ് പ്രതിഷേധ പ്രകടനം നടന്നത്.