ഊരമന രാജേന്ദ്ര മാരാർക്ക് അഷ്ടപദി പുരസ്കാരം സമ്മാനിച്ചു 

0
IMG 20260419 WA0000

പെരുമ്പാവൂർ: പ്രശസ്ത അഷ്ടപദി സോപാനഗായകൻ ഊരമന രാജേന്ദ്ര മാരാർക്ക് ഗുരുവായൂർ ദേവസ്വത്തിൻ്റെ അഷ്ടപദി പുരസ്കാരം സമ്മാനിച്ചു. ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരദാനച്ചടങ്ങിന്റെ ഭാഗമായി ഗുരുവായൂരിൽ നടന്ന

അഷ്ടപദി അർച്ചനയിൽ നൂറിലേറെ കലാകാരൻമാരാണ് ഇത്തവണ പങ്കെടുത്തത്. വൈശാഖമാസാചരണത്തിന്റെ ഭാഗമായി ശനിയാഴ്ചയാണ് ഗുരുവായൂരിൽ അഞ്ചാമത് അഷ്ടപദി പുരസ്കാരദാനച്ചടങ്ങ് നടന്നത്. ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ടഗീതമായ അഷ്ടപദിയുടെ പ്രചാരണത്തിനും പ്രോത്സാഹനത്തിനുമായാണ് ഗുരുവായൂർ ദേവസ്വം എല്ലാവർഷവും ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്. ശനിയാഴ്ച വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനത്തിൽ പദ്മശ്രീ ഡോ. കെ. ഓമനക്കുട്ടിയാണ് പുരസ്കാരം സമ്മാനിച്ചത്. 25001 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ചടങ്ങിൽ അധ്യക്ഷനായി. പുരസ്കാര നിർണയ സമിതി അംഗം പ്രൊഫ. വൈക്കം വേണുഗോപാൽ ഊരമന രാജേന്ദ്ര മാരാരെ സദസ്സിനു പരിചയപ്പെടുത്തി. ദേവസ്വം ഭരണസമിതി അംഗം എം.യു. ഷിനിജ സ്വാഗതം പറഞ്ഞു. ദേവസ്വം ഭരണസമിതി അംഗം സി. മനോജ് ചടങ്ങിന് ആശംസ നേർന്നു. ഡോ. കെ. ഓമനക്കുട്ടി ടീച്ചറുടെ മകൾ കമലാ ലക്ഷ്മി ചടങ്ങിൽ സംഗീതാർച്ചന നടത്തി.

ദേവസ്വം പ്രസിദ്ധീകരണ വിഭാഗം അസിസ്റ്റന്റ് മാനേജർ കെ.ജി. സുരേഷ് കുമാർ നന്ദി രേഖപ്പെടുത്തി. രാജേന്ദ്ര മാരാരുടെ വിശേഷാൽ അഷ്ടപദി കച്ചേരിയോടെയാണ് പരിപാടികൾ സമാപിച്ചത്. പെരുമ്പാവൂർ ഇരിങ്ങോളിലാണ് രാജേന്ദ്ര മാരാർ താമസിക്കുന്നത്. ക്ഷേത്രവാദ്യ കലാരംഗത്ത് യശ: തൃക്കാമ്പുറം കൃഷ്ണൻകുട്ടി മാരാരുടെ ശിഷ്യനായ ഇദ്ദേഹം, ചിരട്ടകൊണ്ടുള്ള അപൂർവ്വവാദ്യമായ കുടുക്കവീണയുടെ പ്രയോക്താവുകൂടിയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *