പാൽത്തുള്ളികളാലൊരു ചിത്രം ! അർഷിദിന് റഹിം റെഡ്‌സിന്റെ ശ്രദ്ധാഞ്ജലി

കൂവപ്പടി ജി. ഹരികുമാർ
പെരുമ്പാവൂർ: മനുഷ്യത്വമുള്ള ഓരോ മലയാളിയുടെയും മനസ്സിൽ അർഷിദ് എന്ന പിഞ്ചോമന ഒരു നോവായി മാറിയിട്ട് ഒരാഴ്ച മാത്രം. കടുത്ത വേദനയിലും അമ്മയുടെ മടിയിലിരുന്നു ചിരിയ്ക്കുന്ന അർഷിദിന്റെ ഓമൽച്ചിത്രം സമൂഹമാധ്യമങ്ങളിൽ മിന്നി മറയുമ്പോൾ ഇപ്പോഴും കാഴ്ചക്കാരുടെ കണ്ണുകളെ ഈറനണിയിക്കുകയാണ്. അമ്മയുടെ ആൺസുഹൃത്തിന്റെ ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നെടുമങ്ങാട് സ്വദേശിയായ ആ പൈതലിന്റെ വേർപാട് ഒരു ചിത്രകാരന്റെ മനസ്സിലേൽപ്പിച്ച വൈകാരികത എത്രത്തോളമുണ്ടെന്നു തെളിയിക്കുന്ന ഒരു ചിത്രവും ഇപ്പോൾ സമൂഹമാധ്യമത്തിൽ ഏറെ ശ്രദ്ധനേടിക്കൊണ്ടിരിക്കുകയാണ്. സമാനതകളില്ലാത്ത പൈശാചികതയ്ക്ക് ഇരയായ അർഷിദിന്റെ മുഖച്ചിത്രം പാൽത്തുള്ളികളാൽ മെനഞ്ഞെടുത്തിരിക്കുകയാണ് റഹിം റെഡ്സ് എന്ന യുവചിത്രകാരൻ. ഇതുവരെ ഫെയ്‌സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും യു-ട്യൂബിലുമായി 35 ലക്ഷത്തോളം പേർ കണ്ടു കഴിഞ്ഞു റഹീമിന്റെ ചിത്രവും റീലുകളും. മാതൃവാത്സല്യത്തിന്റെ അമ്മിഞ്ഞപ്പാൽമധുരം നുണയേണ്ട പ്രായത്തിൽ, നരാധമനായ അമ്മയുടെ കാമുകനാൽ കൊല്ലപ്പെടാൻ വിധിക്കപ്പെട്ട അർഷിദിനുള്ള ശ്രദ്ധാഞ്ജലിയായാണ് പെരുമ്പാവൂർ മാറമ്പിള്ളി സ്വദേശി റഹിം റെഡ്സ് പാൽത്തുള്ളികൾ കൊണ്ട് ചിത്രം വരച്ചത്.
കട്ടികൂടിയ കറുത്ത പേപ്പറിൽ പശുവിൻപാൽ തുള്ളികൾ പല വലുപ്പത്തിൽ വീഴ്ത്തിയാണ് റഹിം തീർത്തിരിക്കുന്നത്. ഫീഡിംഗ് ബോട്ടിൽ നിപ്പിളും ഗ്ലൂ ആപ്പ്ലിക്കേറ്ററും ആണ് ഇതിനായി ഉപയോഗിച്ചത്. അമ്മിഞ്ഞപ്പാൽ നുകരേണ്ട പ്രായത്തിൽ ചോരയുടെ ചവർപ്പറിഞ്ഞ് വിടപറയേണ്ടി വന്ന കുരുന്നിന്റെ ഓർമ്മകൾക്ക് ജീവൻ നൽകാൻ ഇതിലും മികച്ചൊരു മാധ്യമമില്ലെന്ന് ചിത്രകാരൻ പറയുന്നു. 10 മണിക്കൂറെടുത്താണ് ചിത്രം പൂർത്തിയാക്കിയത്. സുഹൃത്തും കോഴിക്കോട് സ്വദേശിയുമായ നിയമവിദ്യാർത്ഥിനി ആതിര സുബ്രഹ്മണ്യൻ ഈ ചിത്രത്തിനൊപ്പം കുറിച്ച വരികൾകൂടി ചേർന്നപ്പോൾ സമൂഹമാധ്യമത്തിലെ കാഴ്ചക്കാരും അതു കണ്ടു തേങ്ങി. “അമ്മിഞ്ഞപാലിന്റെ മാധുര്യം നുകരേണ്ട അധരങ്ങളിൽ അവൻ രക്തച്ചവർപ്പ് ഏറ്റുവാങ്ങി.. മുട്ടിലിഴയുമ്പോൾ താങ്ങായ കുഞ്ഞികൈകളിൽ അവർ കട്ടിയുള്ള കവചം തീർത്തു.. കുഞ്ഞോമൽ മേനിയിലാകെ സിഗരറ്റിന്റെ ദുർഗന്ധം അലിഞ്ഞു ചേർന്നു.. പഞ്ഞിക്കെട്ടുപോലെ മൃദുലമായ മേനിയിൽ അങ്ങിങ്ങായി പിശാചുക്കളുടെ കൈ പതിഞ്ഞ അടയാളങ്ങൾ.. ഇത്രയേറെ പിശാചുക്കൾ ആക്രമിച്ചിട്ടും ഒന്നും മനസ്സിലാവാതെ മരണത്തിന്റെ മറവിലേക്ക് നിഷ്‌കളങ്കമായ ചിരിയോടെ അവൻ നീങ്ങി.
ആതിര കുറിച്ചിട്ട വികാരനിർഭരമായ വാചകങ്ങളുടെ പശ്ചാത്തലത്തിലുള്ള റീലുകൾ ചിത്രീകരിച്ചത് മുബിൻ മുസ്തഫയാണ്. പാൽത്തുള്ളികൾ കൊണ്ടുള്ള റഹിമിന്റെ വേറിട്ട ചിത്രരചന ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. വ്യത്യസ്തമായ ആശയങ്ങളും വ്യത്യസ്തമായ മീഡിയങ്ങളും ഉപയോഗിച്ചുള്ള വേറിട്ടുള്ള ചിത്രരചനാ രീതിയാണ് റഹിമിന്റേത്. കല്യാണി പ്രിയദർശൻ അഭിനയിച്ച് മലയാളത്തിൽ ശ്രദ്ധനേടിയ ‘ലോക’ എന്ന ചലചിത്രവുമായി ബന്ധപ്പെട്ട ഒരു പ്രമോഷണൽ വീഡിയോയുടെ നിർമ്മാണത്തിന് 2025-ലെ ഇന്ത്യ-ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിനായി തിരഞ്ഞെടുക്കപ്പെട്ട കലാകാരനാണ് റഹിം. പ്രൊഫഷണലായി ചിത്രകല പഠിച്ചിട്ടില്ലാത്ത റഹിം ജന്മസിദ്ധമായ കഴിവുകൊണ്ടാണ് ഈ ചിത്രം പൂർത്തിയാക്കിയത്. സോഫ്റ്റ്‌വെയർ ആന്റ് ഹാർഡ്‌വെയർ എൻജിനീയറിങ് ബിരുദധാരിയായ ഇദ്ദേഹം മാറമ്പിള്ളി കളരിയ്ക്കൽ വീട്ടിലാണ് താമസം. മാറമ്പിള്ളിയിൽ ആർ. ആർ. ആർട്സ് സ്റ്റുഡിയോയും മൊബൈൽ റിപ്പയറിങ് ഷോപ്പും നടത്തുന്നു. മിസ്രിയയാണ് ഭാര്യ. രണ്ടു മക്കൾ: റെയ്ഹാൻ, റംസാൻ.
