ദക്ഷിണാഫ്രിക്കയില്‍ കൂട്ടക്കുരുതി : ജോഹന്നാസ്ബര്‍ഗിലെ വെടിവയ്പ്പില്‍ 12 മരണം

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ നഗരമായ ജോഹന്നാസ്ബര്‍ഗിനെ നടുക്കി വീണ്ടും കൂട്ട വെടിവയ്പ്പ്. നഗരത്തിന്റെ കിഴക്കന്‍ ഭാഗത്തുള്ള ക്ലീവ്‌ലന്‍ഡ് മേഖലയിലെ ജമ്പേഴ്‌സ് എന്ന അനൗപചാരിക കുടിയേറ്റ മേഖലയിലാണ് അജ്ഞാത സംഘത്തിന്റെ ആക്രമണമുണ്ടായത്.സംഭവത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതികള്‍ക്കായി ദക്ഷിണാഫ്രിക്കന്‍ പൊലീസ് വ്യാപകമായ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി വൈകിയാണ് ആക്രമണം നടന്നത്. പൊലീസ് പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് പത്തിലധികം പേർ അടങ്ങുന്ന ആയുധധാരികളുടെ കൂട്ടം വെളുത്ത ടൊയോട്ട ക്വാണ്ടം വാഹനത്തില്‍ പ്രദേശത്തെത്തുകയായിരുന്നു. ഇവർ രണ്ട് വ്യത്യസ്ത പ്രവേശന മാര്‍ഗങ്ങളിലൂടെ കുടിയേറ്റ മേഖലയിലേക്ക് കടക്കുകയും വിവിധ സ്ഥലങ്ങളില്‍ ഒരേസമയം വെടിയുതിര്‍ക്കുകയും ചെയ്തു. ആക്രമണത്തിന് ശേഷം അതേ വാഹനത്തില്‍ തന്നെ പ്രതികള്‍ രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വെടിവയ്പ്പില്‍ എട്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയതോടെ മരണസംഖ്യ 12 ആയി ഉയര്‍ന്നു. ഒമ്പത് പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
