സിമന്‍റ് പാക്കറ്റില്‍ പോലും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ; സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയില്‍
ന്യൂഡൽഹി: മാംസം അല്ലാത്ത ഉത്പന്നങ്ങളില്‍പ്പോലും ഹലാൽ സാക്ഷ്യപ്പെടുത്തല്‍ ഉണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ. വിശ്വാസികളല്ലാത്തവർ ഹലാൽ സാക്ഷ്യപ്പെടുത്തിയ ഉത്പന്നങ്ങൾ എന്തിന് ഉയർന്ന വില നല്‍കി വാങ്ങണമെന്നും തുഷാര്‍ മേത്ത ചോദിച്ചു. കയറ്റുമതിക്കായി ഉത്പാദിപ്പിക്കുന്ന ഇനങ്ങൾ ഒഴികെ ഉത്തര്‍പ്രദേശില്‍ ഹലാൽ സർട്ടിഫിക്കേഷനുള്ള ഭക്ഷ്യ ഉത്പന്നങ്ങളുടെ നിർമാണം, സംഭരണം, വിൽപ്പന, വിതരണം എന്നിവ നിരോധിക്കുന്ന വിജ്ഞാപനത്തെ ചോദ്യം ചെയ്‌തുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
‘ഇന്നലെ ഞാൻ ഞെട്ടിപ്പോയി, ഉപയോഗിക്കുന്ന സിമന്‍റിന് പോലും ഹലാൽ സാക്ഷ്യപ്പെടുത്തണം! ഉപയോഗിക്കുന്ന സരിയകൾ (ഇരുമ്പ് ബാറുകൾ) ഹലാൽ സാക്ഷ്യപ്പെടുത്തണം… നമുക്ക് ലഭിക്കുന്ന വെള്ളക്കുപ്പികൾക്ക് ഹലാൽ സാക്ഷ്യപ്പെടുത്തൽ ആവശ്യമാണ്…’ – തുഷാര്‍ മേത്ത പറഞ്ഞു.ജസ്റ്റിസുമാരായ ബി ആർ ഗവായി, എ ജി മാസിഹ് എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് കേസ് എത്തിയത്. ഹലാൽ സാക്ഷ്യപ്പെടുത്തുന്ന ഏജൻസികൾ പണം ഈടാക്കുന്നുണ്ടെന്നും ഈ പ്രക്രിയയിലൂടെ ലക്ഷം കോടി രൂപ വരെ സമാഹരിച്ചിട്ടുണ്ടാകാമെന്നും തുഷാര്‍ മേത്ത പറഞ്ഞു. ആട്ട, പയര്‍ മാവ് എന്നിവയില്‍ പോലും ഹലാൽ സാക്ഷ്യപ്പെടുത്തേണ്ടതുണ്ടെന്ന് മേത്ത പറഞ്ഞു. ആട്ട എങ്ങനെ ഹലാലും നോണ്‍ ഹലാലുമാകുമെന്ന് തുഷാര്‍ മേത്ത ചോദിച്ചു.
ഹലാൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ചെന്നൈ, ജാമിയത്ത് ഉലമ ഹിന്ദ് ഹലാൽ ട്രസ്റ്റ് ഡൽഹി, ഹലാൽ കൗൺസിൽ ഓഫ് ഇന്ത്യ, മുംബൈ, ജാമിയത്ത് ഉലമ മഹാരാഷ, മുംബൈ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് അന്വേഷണത്തിന്‍റെ ഭാഗമായി നോട്ടിസ് അയച്ചിട്ടുണ്ടെന്ന് ഉത്തർപ്രദേശ് സർക്കാരിന്‍റെ രേഖാമൂലമുള്ള മറുപടിയിൽ വിവരിച്ചു.
ഇവിടങ്ങളിൽ ഹലാൽ സർട്ടിഫിക്കറ്റുകൾ നൽകുന്ന പ്രക്രിയ സ്വമേധയാ ഉള്ളതാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ആർക്കെങ്കിലും ഹലാൽ സർട്ടിഫിക്കറ്റ് ആവശ്യമായി വന്നാല്‍ പ്രസ്‌തുത സ്ഥാപനങ്ങളില്‍ നിന്ന് ഹലാൽ സർട്ടിഫിക്കറ്റ് നേടുന്നതാണ് രീതി. ഇതിനായി വിവിധ കമ്പനികളിൽ നിന്ന് വലിയ തുക ഈടാക്കുന്നുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ പറഞ്ഞു.