ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനു തുടക്കമായി

മദീന : ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് തീര്‍ത്ഥാടന സീസണിന് തുടക്കമായി. തുര്‍ക്കിയില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ഈ വര്‍ഷം ആദ്യം പുണ്യഭൂമിയിലെത്തിയത്. പരമ്പരാഗത അറേബ്യന്‍ രീതിയില്‍ പൂക്കള്‍ വിതറിയും,സംസം പുണ്യ ജലവും,പൂക്കളും,ഈത്തപ്പഴവും നല്‍കിയുമാണ് ഹജ്ജ് തീര്‍ത്ഥാടകരെ പുണ്യ ഭൂമിയില്‍ വരവേറ്റത്. ആദ്യ ദിനത്തില്‍ ഇന്ത്യ,പാകിസ്ഥാന്,ബംഗ്ലാദേശ്,തുര്‍ക്കി ,ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് എത്തിച്ചേര്‍ന്നത് പ്രഥമ ഇന്ത്യന്‍ ഹജ്ജ് തീര്ത്ഥാടകരുടെസംഘം പ്രവാചക നഗരിയായ മദീനയിലെത്തി. ആദ്യ സംഘത്തില്‍ മുംബൈയില്‍ നിന്നുള്ള 402 തീര്‍ത്ഥാടകരാണ് എത്തിച്ചേര്‍ന്നത്. ഇന്ത്യന്‍ ഹാജിമാരുടെ ആദ്യ സംഘത്തെ മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെര്‍മിനലില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹെല്‍ അജാസ് ഖാന് സ്വീകരിച്ചു. നേരത്തെ മദീന വിമാനത്താവളത്തില്‍ ഹാജിമാര്‍ക്കായി ഒരുക്കിയ സൗകര്യങ്ങള്‍ അംബാസഡര്‍ പരിശോധിക്കുകയും ഹജ്ജ് തീര്‍ത്ഥാടകരുടെ സേവനങ്ങള്‍ക്കായി രംഗത്തുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി വളണ്ടിയര്‍മാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു .ഇന്ത്യന്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സുഗമവും സുരക്ഷിതവും ആത്മീയമായി സമ്പന്നവുമായ ഹജ്ജ് സേവനങ്ങള്‍ക്കായി സേവനരംഗത്തുള്ള വളണ്ടിയര്‍മാരെ അംബാസഡര്‍ അഭിനന്ദിക്കുകയും ചെയ്തു.
