വീണ്ടും കാട്ടാന ആക്രമണം: മലപ്പുറത്ത് ടാപ്പിങ് തൊഴിലാളി മരിച്ചു

0
MLPLA AA

മലപ്പുറം: കരുവാരക്കുണ്ടില്‍ കാട്ടാന ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളി മരിച്ചു. മുള്ളറ സ്വദേശി ജംഷീര്‍ ആണ് മരിച്ചത്.പുലര്‍ച്ചെ ടാപ്പിങ്ങിനിടെയാണ് ജംഷീറിനെ കാട്ടാന ആക്രമിച്ചത്. കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ജംഷീറിനെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.അതിനിടെ ജംഷീറിന്റെ മരണത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. കാട്ടാന ആക്രമണത്തിന്റെ വിവരം അറിഞ്ഞ് ആശുപത്രിയില്‍ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്നിലാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. കാട്ടാന ആക്രമണ സംബന്ധിച്ച് നാട്ടുകാരില്‍ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ തേടിയിരുന്നു.

തുടര്‍ന്ന് സംഭവ സ്ഥലം സംബന്ധിച്ചും കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ടും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ദുരൂഹത ഉന്നയിച്ചതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. ടാപ്പിങ് തൊഴിലാളി തന്നെയാണോ എന്നതില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംശയം ഉന്നയിച്ചതും നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കി. ജംഷീര്‍ ടാപ്പിങ് തൊഴിലാളി തന്നെയാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്. ടാപ്പിങ്ങിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായതെന്നും നാട്ടുകാര്‍ വ്യക്തമാക്കുന്നു. എന്നാല്‍ കാട്ടാന ആക്രമണത്തിനുള്ള സാധ്യത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തള്ളിക്കളയുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വലിയ തോതില്‍ വന്യമൃഗശല്യമുള്ള പ്രദേശത്താണ് ഇന്ന് കാട്ടാന ആക്രമണം ഉണ്ടായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *