ഞാറ്റുവേലയോർമ്മകളുണർത്തുന്ന വയൽവരമ്പത്ത് പ്രതീക്ഷകളോടെ ദേവുച്ചേച്ചി

0
DEVU PERUM

കൂവപ്പടി ജി. ഹരികുമാർ

പെരുമ്പാവൂർ: കർഷകമനസ്സുകളിൽ പ്രത്യാശയുടെ വിത്തുപാകിക്കൊണ്ട് വീണ്ടുമൊരു തിരുവാതിര ഞാറ്റുവേലക്കാലത്തിനു തുടക്കമായി. ഇനിയുള്ള രണ്ടാഴ്ചക്കാലം കൃഷിപ്പണിയാരംഭത്തിന്റെ തിരക്കുകളിലായിരിക്കും ഗ്രാമീണകർഷകർ. പഴമക്കാരായ കർഷകർക്ക് മാത്രമറിയുന്ന ഞാറ്റുവേലക്കാലത്തിന് ഇത്തവണ തുടക്കമായത് ഇക്കഴിഞ്ഞ തിങ്കളാഴ്ച പകൽ 11.57-ഓടെ ആയിരുന്നു. കാർഷികക്കലണ്ടറുകളിൽ മാത്രം ഒതുങ്ങുന്ന രേഖപ്പെടുത്തലുകളായി ഇവ മാറാൻ ഇനി അധികകാലം വേണ്ട. നെൽകൃഷിയുടെ സമൃദ്ധിയെയും സന്തോഷത്തെയും ഓർത്തെടുക്കുന്ന പഴയതലമുറ നാട്ടിൻപുറങ്ങളിലും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. പെയ്യാതെ പോകുന്ന മഴയുടെ വേവലാതി ഇത്തവണയും എല്ലാ കൃഷിക്കാരും പങ്കുവയ്ക്കുന്നുണ്ട്. നഷ്ടപ്പെട്ടുപോയ ഒരു വലിയ കാർഷിക സംസ്കൃതിയുടെ ഓർമ്മപ്പെടുത്തലായ ഞാറ്റുവേലയെക്കുറിച്ച് അറിയാവുന്നവർ തന്നെ ചുരുക്കം.

മെയ്, ജൂൺ മാസങ്ങളുടെ സന്ധ്യകളിൽ പെയ്തിറങ്ങുന്ന തണുത്ത മഴത്തുള്ളികൾ ഇന്ന് മണ്ണിൽ വീഴുന്നത് പച്ചപ്പുതച്ച നെൽപ്പാടങ്ങളിലേക്കല്ല; പകരം കരിങ്കൽ മതിലുകളും കോൺക്രീറ്റ് സൗധങ്ങളും വിഴുങ്ങിയ തരിശുഭൂമികളിലേക്കാണ്. എങ്ങും കാണാനാവുന്നത് നെൽകൃഷി നിന്നുപോയതോടെ പൂർണ്ണമായി കാടുകയറിയ ഏക്കർ കണക്കിനു പാടശേഖരങ്ങൾ. നെൽകൃഷി നിലച്ച പാടശേഖരങ്ങളുടെ ശൂന്യത അനുഭവിയ്ക്കുന്ന അപൂർവ്വം കൃഷിക്കാരെയെങ്കിലും ഇന്നും നാട്ടിൻപുറങ്ങളിൽ കാണാം. കൂവപ്പടി പഞ്ചായത്തിലെ ഇരുപത്തൊന്നാം വാർഡ് മദ്രാസ്‌കവല ഉന്നതിയിൽ നരിമറ്റത്തിൽ ദേവു ഏഴുവയസ്സിൽ കൃഷിപ്പണിയ്ക്കിറങ്ങിയതാണ്. ഞാറു നടലിൽ ഒരുകലത്ത് നാട്ടിലെ ‘വേഗമേറിയ താര’മായിരുന്നു ദേവു. ഇപ്പോൾ വയസ്സ് 77 ആയി. പ്രായം തളർത്താത്ത വീര്യവുമായി ഇപ്പോഴും കൃഷിപ്പണികളിൽ വ്യാപൃതയായി ജീവിയ്ക്കുന്ന അവർ തിരുവാതിര ഞാറ്റുവേലക്കാലത്തെ കൃഷിയോർമ്മകൾ പങ്കുവയ്ക്കുകയാണ്. ഞാറ്റുവേലക്കാലമായാൽ പിന്നെ മുറ്റത്തിറങ്ങാൻ പറ്റാത്ത മഴയാണ്.

“തിരുവാതിരപ്പതിനാലിൽ തിരിമുറിയാതെ മഴ പെയ്യണം”. തിരുവാതിര ഞാറ്റുവേലയുടെ 14 ദിവസവും നല്ലതുപോലെ മഴ ലഭിച്ചാൽ ആ വർഷത്തെ കൃഷി മുഴുവൻ ഉഷാറാകും എന്ന വിശ്വാസമാണത്രെ ഇതിനു പിന്നിൽ. പത്തും പതിനഞ്ചും പേരടങ്ങുന്ന സംഘമായി ഞാറുനടാൻ ഇറങ്ങിയിരുന്ന കാലത്തെ മനസ്സിന്റെ സന്തോഷം ഓർത്തെടുക്കുകയാണ് ദേവു. പാടത്ത് കൃഷിപ്പണി ഇല്ലാതായതോടെ മറ്റു കൂലിപ്പണികൾക്കും തൊഴിലുറപ്പു ജോലികൾക്കും പോയിട്ടാണ് നിത്യവൃത്തി കഴിയുന്നത്. പശുവളർത്തലുള്ള വീടുകളിലേയ്ക്ക് പാടത്തുനിന്നും പുല്ലറുത്ത് കൊണ്ടുപോയി കൊടുക്കും.ഒരു കാലത്ത് വിത്തുപാകലും ഞാറുപറിക്കലും നടീലും കൊയ്തതുമൊക്കെയായി സജീവമായിരുന്ന ഗ്രാമങ്ങളിലെ പാടശേഖരങ്ങൾ ഇന്ന് വെറും ഓർമ്മച്ചിത്രങ്ങൾ മാത്രമാണ്. കർഷകന്റെ വിയർപ്പുവീണ് പൊന്നുവിളഞ്ഞിരുന്ന നിലങ്ങൾ ഇന്ന് പലയിടത്തും റിയൽ എസ്റ്റേറ്റ് മാഫിയകളുടെ കൈകളിലാണ്.

ബാക്കി വന്ന പാടങ്ങളാകട്ടെ, കാടുമൂടിക്കിടക്കുന്നു. ഇവിങ്ങളെല്ലാം വിഷസർപ്പങ്ങളുടെയും മലമ്പാമ്പുകളുടെയും ആവാസകേന്ദ്രമായി. തിരുവാതിര ഞാറ്റുവേലയുടെ ചുവടുപിടിച്ചാണ് കർഷകർ കൃഷിയിറക്കിയിരുന്നത്. തിരുവാതിരയിൽ നൂറ്റൊന്നു മഴ, നൂറ്റൊന്നു വെയിൽ” എന്നതായിരുന്നു പ്രമാണം. എന്നാൽ ഇന്ന് കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും ഞാറ്റുവേലകളുടെ താളം തെറ്റിച്ചിരിക്കുന്നു. മഴയുടെ അളവ് കുറഞ്ഞതിനൊപ്പം, കൃഷിയോടുള്ള പുതിയ തലമുറയുടെ വിമുഖതയും ചെലവ് വർദ്ധിച്ചതും നെൽപ്പാടങ്ങളെ പൂർണ്ണമായും ഇല്ലാതാക്കി. നെൽകൃഷി ഇല്ലാതായതോടെ ഭൂഗർഭ ജലനിരപ്പ് താഴുകയും തോടുകളും കിണറുകളും വറ്റിവരളുകയും ചെയ്യുന്ന പ്രതിഭാസത്തിനാണ് നാം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. കാർഷിക സംസ്കൃതിയുടെ ആ പഴയ നല്ല നാളുകളെ നമുക്ക് തിരികെപ്പിടിയ്ക്കാൻ കഴിയുമെന്ന പ്രത്യാശമാത്രമാണ് ബാക്കിയാകുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *