സ്വർണവിലയിൽ റെക്കോഡ്; പവന് 50,000 രൂപ കവിഞ്ഞു
സംസ്ഥാന ആഭരണ വിപണിയിൽ സർവകാല റെക്കോഡിട്ട് സ്വർണവില. ഇന്നു ഒറ്റ ദിവസം കൊണ്ട് പവന് 1,040 രൂപയുടെ വർധനവ്. ഇതോടെ ഇന്നത്തെ സ്വർണവില പവന് 50,400 രൂപയായി. കേരള ചരിത്രത്തിൽ ആദ്യമായാണ് സ്വർണത്തിന്റെ വിപണി വില 50,000 രൂപ മറികടക്കുന്നത്. ഇതോടെ ഒരു ഗ്രാമിന് വില 6,300 രൂപയായി. ഗ്രാമിന് 130 രൂപയുടെ കൂടി. കഴിഞ്ഞ ദിവസം ഒരു പവനിൽ 260 രൂപ വർധിച്ച് 49,360 രൂപയിലേക്ക് എത്തിയിരുന്നു. വ്യാഴാഴ്ച ഒരു ഗ്രാം സ്വർണത്തിന്റെ വില 6,170 രൂപയായിരുന്നു.
മാർച്ച് മാസക്കാലയളവിൽ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 4,080 രൂപയുടെ വർധനവാണ് ഇതുവരെ രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 510 രൂപ ആയിട്ടും ഉയർന്നു. ഒന്നാം തീയതി രേഖപ്പെടുത്തിയ 46,320 രൂപയാണ് മാർച്ച് മാസത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിപണിവില.