ലഹരിക്കേസുകളിൽ വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രം നടപടി മതി; ഡിജിപി
തിരുവനന്തപുരം: സംസ്ഥാനത്തെ് റിപ്പോർട്ട് ചെയ്യപ്പെടുന്ന ലഹരിക്കേസുകളിലെ നടപടികൾ വിശദമാക്കി ഡിജിപി ഷേയ്ഖ് ദർവേഷ് സാഹിബിന്‍റെ സർക്കുലർ. ജില്ലകളിൽനിന്നുള്ള പരാതികളും നിർദേശങ്ങൾ പരിഗണിച്ചു പൊലീസ് ആസ്ഥാനത്തെ എഐജി തയാറാക്കിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണു പുതിയ സർക്കുലർ പുറത്തിറക്കിയത്.
അക്രമങ്ങളിൽ ലഹരിക്ക് അടിമയായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന വ്യക്തികളെ കസ്റ്റഡിയിൽ എടുത്താൽ ഇനി നേരിട്ടു സ്റ്റേഷനിലേക്കു കൊണ്ടുപോകാൻ പാടില്ലെന്ന് ഡിജിപി സർക്കുലറിൽ വ്യക്തമാക്കുന്നു. കസ്റ്റഡിയിലെടുത്ത വ്യക്തിയെ എസ്എച്ച്ഒ ഉടൻതന്നെ മെഡിക്കൽ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാക്കുകയും ആരോഗ്യനില വിലയിരുത്തുകയും വേണം.
ഡോക്റ്റർമാർ പ്രത്യേക നിർദേശം നൽകുന്ന സാഹചര്യങ്ങളിൽ ഒഴികെ കസ്റ്റഡിയിലുള്ള വ്യക്തിയെ മെഡിക്കൽ ഉദ്യോഗസ്ഥനു മുന്നിൽ സ്വതന്ത്രമായി പെരുമാറാന്‍ അനുവദിക്കരുത്. കസ്റ്റഡിയിലുള്ള വ്യക്തിയെ ആശുപത്രിയിലെത്തിച്ചശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ മടങ്ങരുത്.
മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുമ്പോൾ, ആ ജുഡീഷ്യൽ ഓഫിസറിൽനിന്നു പ്രത്യേക നിർദേശം ലഭിക്കാതെ കൈയിൽ വിലങ്ങ് വയ്ക്കരുത്. പൊലീസ് നടപടി വിഡിയോയിൽ ചിത്രീകരിക്കണം. ആക്രമണ സ്വഭാവം പ്രകടിപ്പിക്കുന്ന വ്യക്തിയെ കീഴടക്കുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ സുസജ്ജരായിരിക്കണം. ആൽക്കോമീറ്റർ, കൈവിലങ്ങുകൾ, ഹെൽമറ്റുകൾ, കലാപ കവചങ്ങൾ എന്നിവ കരുതണം. വ്യക്തിയുടെ പരുക്കുകൾ, ആരോഗ്യനില, മാനസികനില, അപകടസാധ്യത എന്നിവ ഉൾപ്പെടെ ആശുപത്രി അധികൃതരെയും ഡോക്റ്ററെയും മുൻകൂട്ടി അറിയിക്കണമെന്നും ഡിജിപി നിർദേശിച്ചു.
സംസ്ഥാനത്ത് ലഹരി കേസുകളിൽ വലിയ വർധനയുണ്ടാകുന്നതും ഇതുമായി ബന്ധപ്പെട്ട നടപടികളിൽ പൊലീസിനെതിരെ പരാതികൾ ഉയരുന്ന സാഹചര്യത്തിലുമാണ് ഡിജിപിയുടെ നിർദേശമെത്തിയിരിക്കുന്നത്.